കെടിയു താത്ക്കാലിക വിസി നിയമനത്തിൽ ചാൻസലർക്കെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. താത്ക്കാലിക വൈസ് ചാൻസലറായി സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. ഡോ.സിസ തോമസിന്റെ പേര് ആരാണ് നിർദേശിച്ചതെന്ന് ചാൻസലറോടായിരുന്നു കോടതിയുടെ ചോദ്യം. അങ്ങനെ ആരെയെങ്കിലും നിയമിക്കാനാകില്ല. കൂടിയാലോചനയില്ലാതെ നിയമനം നടത്താനാകുമോ എന്നും പ്രോ വിസിയെ നിയമിക്കാൻ ലഭ്യമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു.
താത്ക്കാലിക വിസി നിയമനം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിസി നിയമനത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് ഗവർണർക്കെതിരെ സർക്കാർ കോടതിയിൽ വാദിച്ചു. പ്രോ വിസിയെ നിയമിക്കാൻ തടസമുണ്ടായിരുന്നില്ല.
അതേസമയം സർക്കാർ ശുപാർശ ചെയ്തവർ വിസിയുടെ ചുമതല നിർവഹിക്കാൻ അയോഗ്യരാണെന്ന് ചാൻസലർ ഹൈക്കോടതിയെ അറിയിച്ചു. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ നിയമനം സംശയത്തിലാണ്. ഡിജിറ്റൽ വിസിക്ക് ചുമതല നൽകാനാകില്ല. അക്കാദമിഷ്യൻ തന്നെയാകണം വിസി. അതിനാൽ സ്വന്തം നിലയിൽ മുന്നോട്ട് പോയെന്നും ചാൻസലർ വാദിച്ചു.
നിയമനത്തിൽ അപാകതയില്ലെന്ന് ഗവർണ്ണർ നേരത്തെ വിശദീകരണം നൽകിയിരുന്നു. കെ.ടി യു താൽക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിൽ അപാകതയില്ലെന്നും സർക്കാർ ശുപാർശ ചെയ്തവരെ യു.ജി.സി നിയമ പ്രകാരം നിയമിക്കുവാൻ സാധിക്കില്ലെന്നുമായിരുന്നു ഗവർണ്ണറുടെ വിശദീകരണം. സർക്കാർ ശുപാർശ ചെയ്തത് പ്രോ വി.സി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുടെ പേരുകളാണ് .ഈ രണ്ടു പേരെയും സുപ്രിം കോടതി വിധിയും യു.ജി.സി ചട്ടപ്രകാരവും വിസിയായി നിയമിക്കാനാകില്ല. കെ .ടി.യു താൽക്കലിക വി.സിയായി സിസ തോമസിന് അധിക ചുമതല നൽകുകയായിരുന്നു.
അതേസമയം സാങ്കേതിക സർവകലാശാല നിയമപ്രകാരം വി.സി നിയമനത്തിൽ സർക്കാരിന് പേരുകൾ ശുപാർശ ചെയ്യാൻ അധികാരമുണ്ട്. ഇത് മറികടന്നാണ് സിസ തോമസിന്റെ നിയമനം നടത്തിയതെന്ന് സർക്കാർ രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്. സർവകലാശാല നിയമപ്രകാരം താൽക്കാലിക വി.സിയായി പ്രോ.വിസിയെയും, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയും പരിഗണിക്കാനാകുമെന്നും സർക്കാർ വാദിക്കുന്നു. ചാൻസലറായ ഗവർണ്ണറുടെ ഉത്തരവിനെതിരെ സർക്കാരിന് ഹർജി നൽകാനാകില്ലെന്നും മതിയായ യോഗ്യത തനിക്കുണ്ടെന്നും സിസ തോമസും കോടതിയെ അറിയിച്ചിരുന്നു.

