രാജ്ഭവന്റെ അതിഥികൾക്ക് വകുപ്പിന്റെ വാഹനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് പുറത്ത്. വാഹനത്തിനായി പൊതുഭരണവകുപ്പിനാണ് ഗവർണർ കത്തയച്ചത്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2021 സെപ്തംബർ 23 ന് അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ രാജ്ഭവനിൽ കൂടുതൽ അതിഥികൾ എത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ വേണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിൽ ഗവർണർ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. രാജ്ഭവനിലെ താത്ക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ടായിരുന്നു കത്ത്.

