തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. അതുകൊണ്ടുതന്നെ ഇവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യുക.മേയറുടെ ഒറിജിനല്‍ ലെറ്റർപാഡുള്പ്പെടെ ശേഖരിച്ചായിരിക്കും നിലവില്‍ പ്രചരിക്കുന്ന കത്തിന്റെ സാധുത പരിശോധിക്കുക. മേയറുടെ ഒപ്പ് ദുരുപയോഗം ചെയ്തോ എന്നതടക്കം പരിശോധിക്കും. കത്തിന്റെ ഉറവിടവും ആരാണ് പ്രചരിപ്പിച്ചത് എന്നതും അന്വേഷണ പരിധിയില്‍ വരും.കത്തിന്റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കാനാണ് സാധ്യത.ക്രൈം ബ്രാഞ്ച് എസ്.പി. മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ഡിവൈ. എസ്.പി. ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്.
കത്ത് വിവാദം;മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

