തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ പിന്തുണച്ച് സിപിഐഎം. വ്യാജ പ്രചാരണമെന്ന് ആരോപിച്ച് മേയർ ഇന്ന് പൊലീസിൽ പരാതി നൽകും. വിഷയത്തിൽ പാർട്ടിയിൽ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കൈമാറിയതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.’കത്ത് എന്റെ കൈയ്യിൽ കിട്ടിയിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞതാണ്. അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നാണ് ഞാൻ മേയറുമായി സംസാരിച്ചപ്പോഴും പറഞ്ഞത്. നിയമപരമായി നീങ്ങും. ഇന്ന് പൊലീസിൽ പരാതി നൽകും. പാർട്ടിയുടെ പിന്തുണയോടെയാണ് പരാതി കൊടുക്കുന്നത്. പാർട്ടി പറയാതെ മേയർ പരാതി നൽകില്ലല്ലോ. ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ല. ആളെ കണ്ടെത്തണം. വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയത്. മേയർക്ക് ജില്ലാ കമ്മിറ്റിയുടെ പൂർണപിന്തുണയുണ്ടാവും. മേയർ രാജിവെക്കേണ്ട കാര്യമില്ല.’ ആനാവൂർ നാഗപ്പൻ പറഞ്ഞു.
കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ 295 ഒഴിവുണ്ടെന്നും മുൻഗണന ലിസ്റ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ അയച്ച കത്താണ് വിവാദമായത്. അതേസമയം അങ്ങനെ ഒരു കത്ത് താൻ നൽകിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ വിശദീകരിച്ചു.മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകൾ വഴിയാണ് പരസ്യമായത്. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളി!ലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. കത്ത് ചോർത്തിയത് ആനാവൂരിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

