കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ. പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുൽ മജീദ്(55)നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്തുവെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. അബ്ദുൾ മജീദിനായി പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഇയാളെ കഴിഞ്ഞ ദിവസം കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പൊലീസ് കേസെടുത്തതോടെ അബ്ദുൾ മജീദ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും മറ്റുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒരു അധ്യാപകൻ പിടിയിലായിരുന്നു. ചുങ്കത്തറ സ്വദേശി അസൈനാർ (41) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി കൌൺസിലിംഗിന് വിധേയയാക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.