കണ്ണൂർ: അംഗൻവാടിയിൽ കയറി കഞ്ഞി വച്ചു കുടിക്കുന്ന കള്ളൻ കണ്ണൂരിൽ പിടിയിൽ. മട്ടന്നൂർ സ്വദേശി വിജേഷിനെയാണ് കണ്ണൂർ ടൗൺ സി ഐ ബിനു മോഹനനും സംഘവും പിടികൂടിയത്. താണയിലെ അംഗൻവാടിയിൽ നിന്ന് പണവും ഇയാൾ മോഷ്ടിച്ചിരുന്നു. രണ്ട് അംഗൻവാടിയിൽ നിന്നായി 4 തവണ കഞ്ഞി വച്ച് കുടിച്ച ശേഷം ഭക്ഷ്യ വസ്തു നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര വ്യാപാര സ്ഥാനത്തിലും ഇയാൾ മോഷണം നടത്തിയിരുന്നു.
പുതപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ കത്തിയും സ്പാനറുകളും നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച വാട്ടർ പ്യൂരിഫെയറിന്റെയും വാഷ്‌ബേസുകളുടെയും പൈപ്പുകൾ തകർത്ത ശേഷം എടുത്തുകൊണ്ടുപോയിരുന്നു. കണ്ണൂർ ടൗൺ സ്‌റ്റേഷൻ പരിധിയിലെ കോളേജ് ഓഫ് കൊമേഴ്‌സിന് സമീപം ഹോൾ സെയിൽ ജെന്റ് ഷോറൂമിൽ കയറി പണവും വസ്ത്രവും മോഷ്ടിച്ച കേസിലും പ്രതിയാണ്.

