കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിയതിൽ ദുരൂഹതയുണ്ട്. യാത്രയുടെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വെയ്ക്കണം. കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും വി ഡി സതീശൻ ആരോപിച്ചു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ ആന്വേഷിക്കുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. ഗുരുതരമായ കാര്യങ്ങൾ 164 മൊഴിയിൽ ഉണ്ടായിട്ടും അന്വേഷണം നടന്നില്ല. സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹ’ത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പ്രതികരിച്ചു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

