ചിത്ര-ശില്‍പകലാ പ്രദര്‍ശനത്തിന് ധനസഹായം
ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനും അപേക്ഷ ക്ഷണിച്ചു. അക്കാദമി ഗ്യാലറികളില്‍ ഏകാംഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതവും, ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000 രൂപ വീതവും ഗ്രാന്റായി നല്‍കും. ഗ്രൂപ്പ് പ്രദര്‍ശനത്തില്‍ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും കലാകാരന്‍മാര്‍ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 : 6 ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം നിശ്ചിത മാതൃകയില്‍ അപേക്ഷിണം. തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന്‍മാര്‍ 2020 ആഗസ്റ്റ് 31 നകം അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറികളില്‍ പ്രദര്‍ശനം നടത്തണം. അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. കേരളത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികള്‍ക്ക് പ്രദര്‍ശനത്തിന് അപേക്ഷിക്കാം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗ്രാന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോറം അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org), അക്കാദമിയുടെ ഗ്യാലറികളിലും ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷാ ഫോമും മറ്റു വിവരങ്ങളും 2019 ഒക്‌ടോബര്‍ 31 ന് മുന്‍പായി ലളിതകലാ അക്കാദമി മുഖ്യകാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ : 0487-2333773.
മോട്ടോര്‍ തൊഴിലാളി രജിസ്‌ട്രേഷന്‍ ക്യാമ്പ് 30ന്
കോഴിക്കോട് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ക്യാമ്പ് സെപ്തംബര്‍ 30ന് രാവിലെ 10 മുതല്‍ രണ്ട് മണി വരെ തൂണേരി പഞ്ചായത്ത് ഓഫീസിനു സമീപം സംഘടിപ്പിക്കും. പുതുതായി അംഗത്വമെടുക്കാനും കുടിശ്ശിക അടവാക്കാനും സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു- ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ അംഗീകൃത തൊഴില്‍പരിശീലന ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ട ടെക്‌നോ വേള്‍ഡ് ഐടി യൂണിറ്റിലാണ് പരിശീലനം. ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി, റീട്ടെയില്‍ സെയില്‍സ് & സര്‍വീസ് എന്നീ മേഖലകളിലാണ് പരിശീലനം ലഭ്യമാക്കുക. റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പരിശീലനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കും. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും, പട്ടികവര്‍ഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ അതത് പഞ്ചായത്ത് സിഡിഎസുകളില്‍ ബന്ധപ്പെടുക.
വഖഫ് ട്രൈബ്യൂണല്‍ സിറ്റിംഗ്
കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ ക്യാമ്പ് സിറ്റിംഗ് ഒക്ടോബര്‍ 15, 16 തീയതികളില്‍ എറണാകുളം കലൂരിലുള്ള കേരള വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കും.

സര്‍വ്വേയര്‍മാരെ നിയമിക്കും
ജില്ലയിലെ വിവിധ മാസ്റ്റര്‍പ്ലാന്‍, റോഡ് അലൈന്‍മെന്റ്, വിശദ നഗരാസൂത്രണ പദ്ധതികള്‍ എന്നിവ തയ്യാറാക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വയര്‍മാരെ നിയമിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ മൂന്നിന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള റീജിയണല്‍ ടൗണ്‍ പ്ലാനിങ് ഓഫീസില്‍ രാവിലെ 11 മണിക്ക് നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ശരിപകര്‍പ്പ് എന്നിവയുമായി ഹാജരാകണം. യോഗ്യത : ഐ.ടി.ഐ-ഡ്രാഫ്റ്റ്മാന്‍ സിവില്‍/ സര്‍വേയര്‍ അല്ലെങ്കില്‍ തത്തുല്യം. ഫോണ്‍: 0495 2369300.
സ്‌പോട്ട് അഡ്മിഷന്‍
സ്‌കില്‍ അപ്ഗ്രഡേഷന്‍ ട്രെയിനിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന ഓട്ടോ ഇലക്ട്രീഷ്യന്‍ കോഴ്‌സിലേക്ക് സെപ്തംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ മൂന്ന് വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഐ.ടി.ഐ, എംഎംവി/എംഡി/സിഒഇ കോഴ്‌സ് പൂര്‍ത്തിയായവര്‍, എസ്എസ്എല്‍സി (ഓട്ടോമൊബൈല്‍ ഫീല്‍ഡില്‍ പരിചയം) യോഗ്യതയുള്ള ട്രെയിനികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2377016.
വെണ്ണക്കാട് ജിഎംയുപി സ്‌ക്കൂളില്‍ സ്റ്റേജ് ഉദ്ഘാടനം ചെയ്തു
വെണ്ണക്കാട് ജിഎംയുപി സ്‌ക്കൂളില്‍ കൊടുവള്ളി നഗരസഭ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പെഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ പി.പി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ്‌ചെയര്‍മാന്‍ എ.പി.മജീദ് മാസ്റ്റര്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു അനില്‍കുമാര്‍, ഹാജറ ഉസ്മാന്‍, കൗണ്‍സിലര്‍ കോഴിശ്ശേരി മജീദ്, ടി.മൊയ്തീന്‍ കോയ, ടി.പി.സൈനുല്‍ ആബിദ്, എ.പി.പ്രശോഭ്, ധന്യ, സി.കെ.ബഷീര്‍, യു. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.യു. അഹമ്മദ് സ്വാഗതവും പി.അബ്ദുല്‍ അലി നന്ദിയും പറഞ്ഞു.
എംഎല്‍എ ഫണ്ട് അവലോകന യോഗം ചേര്‍ന്നു
എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പ് നടത്തിയ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എം.എല്‍.എ ആസ്തി വികസന ഫണ്ട്, എം.എല്‍.എ പ്രാദേശിക വികസന ഫണ്ട് തുടങ്ങി വിവിധ ഫണ്ടുകള്‍ ചെലവഴിച്ച് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, തലക്കുളത്തൂര്‍, നന്‍മണ്ട, കുരുവട്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മണ്ഡലത്തിലെ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പേരാമ്പ്ര ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മനോജ് എം.കെ, വടകര അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ യു കെ ഗിരീഷ് കുമാര്‍, പെരുവണ്ണാമൂഴി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചീനിയര്‍ കെ കെ വിശ്വന്‍നായര്‍, കക്കോടി അസിസറ്റന്റ് എഞ്ചിനിയര്‍മാരായ കെ ടി സുജാത, എ കെ സജീവ് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹിന്ദി അധ്യാപക തസ്തിക : കൂടിക്കാഴ്ച ഒന്നിന്
മൂലങ്കാവ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഹിന്ദി (ജൂനിയര്‍) അധ്യാപക തസ്തികയിലേക്കുളള കൂടിക്കാഴ്ച ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04936225050.

