ഗുലാം നബി ആസാദിന് പിന്നാലെ പാര്‍ട്ടി പദവി രാജിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനമാണ് രാജിവെച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. നിയമസഭാ തെരഞ്ഞടുപ്പിനായി രൂപീകരിച്ച സമിതിയില്‍ നിന്നാണ് രാജിവെച്ചത്.
ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഏപ്രില്‍ 26-നാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്. രാജി വെച്ചെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ, ചില നിര്‍ണായക യോഗങ്ങളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ശര്‍മ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആത്മാഭിമാനത്തെ മറികടന്നുള്ള ഒത്തുതീര്‍പ്പിന് തയയ്യാറല്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
രണ്ടാമത്തെ ജി 23 നേതാവാണ് സ്ഥാനം രാജിവെക്കുന്നത്. നേരത്തേ കശ്മീര്‍ പ്രചരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് ഒഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്നാണ് ആസാദുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചത്.

