തോമസ് ഐസക്കിനെതിരായ കിഫ്ബി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല. മസാലബോണ്ടില്‍ ഇടപെടാന്‍ ഇഡിക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വെളുപ്പിക്കലില്‍ മാത്രമാണ് ഇ.ഡിക്ക് ഇടപെടാന്‍ കഴിയൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം റോഡിലെ കുഴി അടയ്ക്കണമെന്നും അതില്‍ രാഷ്ട്രീയമില്ല. പൊതുമരാമത്ത് മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ല. തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. റോഡില്‍ കുഴിയുണ്ടെന്ന് പോലും മന്ത്രി സമ്മതിക്കുന്നില്ല. ആശുപത്രിയില്‍ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കുന്നില്ല. വസ്തുത എന്താണെന്ന് എല്ലാവര്ക്കും അറിയാമെന്നും വി.ഡി സതീശന് പറഞ്ഞു.
കൂടാതെ, ആവിഷ്കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താന്‍ കേസ് കൊട് സിനിമക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സൈബര്‍ ആക്രമണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര് കാണും അത്ര തന്നെ. പ്രതിപക്ഷ നേതാവ് പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണത്തില്‍ മുന്‍മന്ത്രി പി കെ ശ്രീമതിയെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എകെജി സെന്റര്‍ ആക്രമണത്തെക്കുറിച്ചുള്ള ശ്രീമതിയുടെ പരാമര്‍ശത്തെയാണ് വിമര്‍ശിച്ചത്. പ്രസ്താവനകളില്‍ സ്ത്രീവിരുദ്ധതയുണ്ടെങ്കില്‍ നിരുപാധികം പിന്‍വലിച്ച് മാപ്പുപറയുമെന്നും വി ഡി സതീശന് പറഞ്ഞു. ശ്രീമതിക്കെതിരായ പരാമര്‍ശത്തില്‍ വി ഡി സതീശന് മാപ്പുപറയണമെന്ന് ആനിരാജ ആവശ്യപ്പെട്ടിരുന്നു.
ബഫര്‍സോണ്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയാണ്. സര്‍ക്കാരിന്റെ തെറ്റ് ന്യായീകരിക്കുന്ന ഉപന്യാസമാണ് ഇറക്കിയത്. 2019 ലെ ഉത്തരവ് റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. റോഡിലെ കുഴിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ല. എന്നാല്‍ റോഡില്‍ കുഴിയുണ്ടെന്ന് മന്ത്രിമാര്‍ സമ്മതിക്കുന്നില്ലെന്ന് വി ഡി സതീശന് അഭിപ്രായപ്പെട്ടു.

