കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു.തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു.മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്തു.സഹകരണ മന്ത്രി പ്രശ്നത്തിൽ ഇടപെടുന്നുണ്ട്.25 കോടി രൂപ ബാങ്കിന് അനുവദിക്കും. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചത് മോശമായ കാര്യമാണ്. ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ പണം നൽകാൻ തീരുമാനമായിട്ടുണ്ടെന്നും ഇക്കാര്യങ്ങളിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും നിക്ഷേപക ഫിലോമിനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു.ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സക്കായി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.അതേസമയം ബാങ്ക് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിൽ വേഗതക്കുറവെന്ന് സിപിഐ പറഞ്ഞു . പണം തിരിച്ചുനൽകുന്ന നടപടി വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിക്ഷേപകർക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. ഇത് പരിഹരിക്കാനുള്ള ഇടപെടൽ വേണം. ഈ വിഷയം വച്ച് സഹകരണ പ്രസ്ഥാനത്തെ ആകെ തകർക്കുന്ന നടപടി ശരിയല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് വ്യക്തമാക്കി.
ഒരു വർഷം കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചിട്ടില്ല. എത്രയും പെട്ടന്ന് പരിഹാരമുണ്ടാകണമെന്ന് തന്നെയാണ് ആവശ്യപ്പെടാനുള്ളതെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദീകരിച്ചു.