വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ പ്രതികളായ 13 ആര്‍എസ്എസ് പ്രവര്‍ത്തകരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. 12 പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 3 വര്‍ഷം തടവും വിധിച്ച കീഴ്ക്കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ് . പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി രാമന്‍ പിള്ള, അഡ്വ. പി വിജയഭാനു, അഡ്വ. അര്‍ജുന്‍ ശ്രീധര്‍ എന്നിവരാണ് ഹാജരായത്.
2008 ഏപ്രില്‍ ഒന്നിനാണ് തിരുവനന്തപുരം കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ വച്ച് ആര്‍ എസ് എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്. വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍ എസ് എസ് പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു. 13പേര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിധി ന്യായത്തില്‍ പറയുന്നു. സാഹചര്യത്തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. സാക്ഷികളുടെ മൊഴി വിശ്വാസ്യതയുള്ളതായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഭാഗമായി നടന്ന കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ കുറ്റം ചെയ്തതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധി ന്യായത്തില്‍ പറയുന്നു. 12 മുതല്‍ 16 വരെയുള്ള പ്രതികളെ ഒരു തെളിവും ഹാജരാക്കാതെ വെറുതെ പ്രതി ചേര്‍ക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

