പിടി ഉഷയ്ക്കും ആര്‍എംപി എം എൽ എ കെ കെ രമക്കും എതിരായ വിവാദ പരാമര്‍ശത്തിൽ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ.വടകരയിലെ എംഎല്‍എ സ്ഥാനം ഒറ്റിക്കൊടുക്കലിന് പകരമായി കിട്ടിയതാണെന്ന് പി മോഹന്‍ പറഞ്ഞു. കെ കെ രമയ്ക്ക് എതിരെ എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ആര്‍എംപി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റിക്കൊടുത്തെന്നും അദ്ദേഹം ആരോപിച്ചു. ‘രക്തസാക്ഷികളുടെ പാരമ്പര്യം ആര്‍എംപി കളങ്കപ്പെടുത്തി. പത്ത് രക്തസാക്ഷികളുടെ ത്രസിപ്പിക്കുന്ന വിപ്ലവ പാരമ്പര്യമാണ് ഒഞ്ചിയത്തിനുള്ളത്. അത് കളഞ്ഞു കുളിച്ചു. എക്കാലത്തും ആര്‍എംപി നോേതൃത്വത്തിന് മേലുള്ള മായ്ച്ച് കളയാന്‍ പറ്റാത്ത കളങ്കമാണ്ത്. കോണ്‍ഗ്രസ് പരിശ്രമിച്ചത് ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനാണ്. അതിന് കോടാലി കൈകളായി ഇവര്‍ നിന്നുകൊടുത്തു. അതിനുള്ള പ്രതിഫലം തന്നെയാണ് വടകര എംഎല്‍എ സ്ഥാനം’ മോഹനന് പറഞ്ഞു.
ഒഞ്ചിയം മേഖലയിൽ മാത്രം ഉള്ള ഗ്രൂപ്പ് ആണ് ആർഎംപി. കോൺഗ്രസ്സ് മുഖ്യ ശത്രു എന്നായിരുന്നു ആദ്യം അവരുടെ പ്രഖ്യാപനം. എന്നാൽ പിന്നീട് അവർ കോൺഗ്രസുമായി ധാരണ ഉണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിച്ചു. തുടർന്ന് അവര്‍ യുഡിഎഫ് പിന്തുണയോടെ ഭരണത്തിൽ എത്തി. ഇതിൻ്റെ പരസ്യമായ ധാരണ ആയിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്.