കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്രമായ കുടിയേറ്റ നിയമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദീര്‍ഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടത്തുന്നത്. കേരളത്തില്‍ പുതിയ കര്‍മ്മ പദ്ധതികള്‍ വേണം. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാസികളോട് സംസ്ഥാന സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ്.17 ലക്ഷം പ്രവാസികള്‍ കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തി. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നോര്‍ക്ക ഡയറക്ടര്‍ ആര്‍.രവിപിള്ള. പ്രവാസികളുടെ ഈ മഹാസംഗമത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി വലിയ പ്രയത്നങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നെന്ന് രവിപിള്ള പറഞ്ഞു.
നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ കിടന്ന് പ്രവാസികള്‍ വലയുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി സമ്മേളനത്തില്‍ പറഞ്ഞു.
”പ്രവാസലോകത്ത് മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്പാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നാട്ടില്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. ഇന്‍വെസ്റ്റ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നിയമങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ നിക്ഷേപിക്കാന്‍ തയ്യാറാകും.”-യൂസഫലി പറഞ്ഞു.

