പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി സി ജോര്‍ജ് തൃക്കാക്കരയില്‍ നടത്തിയ പത്രസമ്മേളനത്തിലെ രൂക്ഷമായ പരാമര്‍ശങ്ങള്‍ക്കാണ് മന്ത്രി പ്രതികരിച്ചത്.
പോളിറ്റ് ബ്യൂറോ ആംഗവും, കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. വര്‍ഗീയ വിഷം തുപ്പിയാല്‍ ജോര്‍ജ് ഇനിയും അകത്തുകിടക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നല്കി. രാജ്യത്തെ നിയമസംവിധാനം അതാണെന്നും അദ്ദേഹം പറഞ്ഞു.
”അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി.ജോര്‍ജിന്റേത്. പി.സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാര്‍ട്ടിക്കൊപ്പമാണ് പി.സി.ജോര്‍ജ് ഇപ്പോഴുള്ളത്. വര്‍ഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങള്‍ ആണ് സംഘപരിവാറില്‍നിന്ന് ഉണ്ടാകുന്നത്. പി.സി.ജോര്‍ജിനെ അതിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി.സി.ജോര്‍ജ് ഇപ്പോഴുള്ളത്.” മന്ത്രി പറഞ്ഞു.
”രാഷ്ട്രീയ ജീവിതത്തില്‍ വര്‍ഗീയ സംഘടനകളുമായി പി.സി.ജോര്‍ജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതു തിരിച്ചറിഞ്ഞാണ് കേരള ജനത പി.സി.ജോര്‍ജിനെ തോല്‍പ്പിച്ച് വീട്ടില്‍ ഇരുത്തിയത്. പി.സി.ജോര്‍ജിനോ അദ്ദേഹം ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ല. കൗണ്ട് ഡൗണ്‍ തുടങ്ങിയത് ആരുടേതാണെന്നു കാലം തെളിയിക്കും.” മന്ത്രി പറഞ്ഞു.

