കോവിഡ് കാല ഇളവിൽ പരോളിലിറങ്ങിയ തടവുകാർക്ക് തിരികെ എത്താൻ സുപ്രീംകോടതി നൽകിയ സമയം അവസാനിച്ചിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് 34 തടവുകാർ തിരിച്ചെത്തിയിട്ടില്ലെന്ന് സ്ഥിരീകരണം. തടവുകാരെ കണ്ടെത്താൻ ജയിൽ വകുപ്പ് പൊലീസിന്റെ സഹായം തേടും.
സുപ്രീം കോടതി നിർദേശ പ്രകാരം കോവിഡ് കാലത്ത് 770 താവുകാർക്കാണ് പരോൾ അനുവദിച്ചിരുന്നത്. പകർച്ച വ്യാധി ഭീഷണി അകന്നതോടെ തിരിച്ചു വരാൻ നോട്ടീസ് നൽകി. ഇതിൽ പകുതിയോളം പേർ തിരിച്ചെത്തുകയും ചെയ്തു, ഇതേ സമയം പരോളിലിറങ്ങിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ വീണ്ടും ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറങ്ങിയതിനാൽ കോടതി പറഞ്ഞാൽ മാത്രമേ ജയിൽ തിരിച്ചു കയറൂ എന്നായിരുന്നു നിലപാട്. എന്നാൽ ഈ ഹർജി കോടതി തള്ളി.തിരികെ എത്താൻ നൽകിയ സമയം ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ അവസാനിക്കുകയും ചെയ്തു.
ടി പി കേസിലെ പ്രതികളടക്കം സമയ പരിധി അവസാനിച്ചതോടെ തിരിച്ചെത്തി. എന്നാൽ 34 പേർ ഇനിയും എത്താനുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ തടവുകാർ എത്താനുള്ളത് , 13 പേർ .
ചീമേനിയിൽ തുറന്ന ജയിലിൽ 5 പേരും, നെട്ടുകാൽത്തേരി തുറന്ന ജയിലിൽ- 8 പേരും, വിയ്യൂർ സെൻട്രൽ ജയിലിൽ- 6 പേരും, പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ടും തടവുകാരാണ് തിരികെയത്താനുള്ളത്.
ഒരാള്‍ മരിച്ചുവെന്നും രണ്ടുപേർ ആശുപത്രിയിലാണെന്നുമുള്ള അനൗദ്യോഗിക വിവരം ജയിൽവകുപ്പിനുണ്ട്. തിരിച്ചെത്താത്തവരെ കണ്ടെത്താൻ ജയിൽ വകുപ്പ് പൊലീസിന് കത്ത് നൽകും.

