സ്വതന്ത്ര ശ്രീലങ്കയുടെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും രാഷ്ട്രീയ അസ്ഥിരതയിലൂടെയും രാജ്യം കടന്ന് പോകുന്നതിനിടെ ശ്രീലങ്കൻ പ്രധാന മന്ത്രി മഹീന്ദ്ര രജപക്സേ രാജി വെച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്സെ ഒടുവിൽ രാജിക്ക് വഴങ്ങിയതെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ പ്രധാന മന്ത്രിയുടെ രാജി ആവശ്യം ഉയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി തന്റെ രാജിയാണ് ആവശ്യമെങ്കിൽ താൻ അതിന് തയാറാണെന്ന് മഹീന്ദ്ര രജപക്സേ പറഞ്ഞിരുന്നു.
കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാജ്യവ്യാപക പണിമുടക്ക് നടത്തിയിരുന്നു. പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

