തൃശൂർ പൂരത്തിന് കൊടിയേറി. നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി. വടക്കും നാഥനെ വലം വെച്ച് കൊണ്ട് നെയ്തലക്കാവിലമ്മ നടയിലെത്തുന്നത് കാണാൻ നൂറ് കണക്കിനാളുകൾ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്.
എറണാകുളം ശിവ കുമാറിന്റെ ശിരസിലേറി രാവിലെ എട്ട് മണിയോടെ നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങി.വാദ്യഘോഷങ്ങളുടെ അകമ്പടിയിലാണ് ഭഗവതി തട്ടകംവിട്ടിറങ്ങിയത്.
വടക്കും നാഥ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നൂറു കണക്കിനാളുകൾ ദേവിയെ കാത്ത് നിന്നു.പതിനൊന്ന് മണിയയോടെ മണികണ്ഠനാലിൽ എത്തി
ഗണപതി ക്ഷേത്രത്തിനടുത്ത് നിന്ന് മേളം തുടങ്ങി. മേളത്തിന്റെ അകമ്പടിയിൽ മണിക്ഠനാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക്. അവിടെനിന്നും പടിഞ്ഞാറേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയിലേക്ക്. തെക്കേ ഗോപുര നടയിലേക്ക് നീണ്ട എല്ലാ കണ്ണുകൾക്കും കുളിർമയേകി എറണാകുളം ശിവകുമാറിന്റെ പുറമേറി നെയ്തലക്കാവ് ഭഗവതി തെക്കേ നടതുറന്നു. ആരവങ്ങളോടെ ദേശം പൂരത്തിന്റെ വിളംബരമറിയിച്ചു. ഈ ആരവത്തെ സാക്ഷിയാക്കി നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരം തുറന്ന് കടന്ന് പോയി. ദേശം പൂര ലഹരിയിലമർന്നു.
നാളെ പുലർച്ചെ ഇതേ ഗോപുരത്തിലൂടെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ തൃശൂർ പൂരത്തിന് നാന്ദികുറിക്കും.കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ടാണ്ടുകൾക്ക് ശേഷമാണ് പൂരം പൂർണതോതിൽ നടക്കുന്നതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.