എല്ലാ മേഖലകളും അഴിമതി മുക്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. കൺസ്യൂമർ ഫെഡ് ഓണം വിപണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൺസ്യൂമർഫെഡിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഒരിക്കലും അഴിമതിക്ക് സഹായകരമായ നിലപാട് സ്വീകരിക്കാൻ പാടില്ല. ഭരണസമിതി വളരെ ഫലപ്രദമായി ഇടപെട്ടു കൊണ്ടാണ് അഴിമതി മുക്തമാക്കുന്നതിന് ശ്രമിച്ചിട്ടുള്ളത്. തകർന്നുപോയ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തി നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന രീതിയിൽ ഇടപെടുകയാണ്.
ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാക്കാൻ സർക്കാർ മാർക്കറ്റിൽ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് റോഡിൽ ആരംഭിച്ച കൺസ്യൂമർ ഫെഡ് സഹകരണ ഓണം വിപണി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ത്രിവേണി സമ്മാനനിധി 2019ന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ആദ്യവില്പന കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ വിലക്കയറ്റം തടയുക എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് കൺസ്യൂമർ ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രൈമറി സഹകരണ സ്ഥാപനങ്ങൾ വഴി സഹകരണ ഓണം വിപണി ഒരുക്കുന്നത്. ഇതിലൂടെ സബ്സിഡി നിരക്കിൽ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങൾക്കായി സംസ്ഥാനത്തുടനീളം വിതരണം ചെയ്യും.
സർക്കാർ സബ്സിഡി നിരക്കിൽ ലഭ്യമാക്കുവാൻ തീരുമാനിച്ച 13 ഇനങ്ങൾക്ക് പുറമേ മാർക്കറ്റ് വിലയെക്കാൾ കുറവിൽ മറ്റ് നിത്യോപയോഗസാധനങ്ങളും ലഭ്യമാകും. ദി കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് വയനാട് റോഡിൽ ആരംഭിച്ച സഹകരണ ഓണം വിപണി സെപ്റ്റംബർ 10 വരെ ഉണ്ടാകും. രാവിലെ 9.30 മുതൽ രാത്രി 7 മണി വരെയാണ് പ്രവർത്തന സമയം.
കോഴിക്കോട് കോർപ്പറേഷൻ മരാമത്ത് ചെയർപേഴ്സൺ ടി.വി ലളിത പ്രഭ, ജോയിന്റ് രജിസ്ട്രാർ വി.കെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം ഷീജ, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ സി. സുരേഷ് ബാബു, കൺസ്യൂമർഫെഡ് ബോർഡ് അംഗം ഗോകുൽ ദാസ്, കേരള പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് കുമാർ, ടൗൺ ബാങ്ക് ജനറൽ മാനേജർ ഇ. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

