ഗള്‍ഫ് യുദ്ധകാലത്തും മറ്റും ഇന്ത്യ നടത്തിയ ഒഴിപ്പിക്കല്‍ നടപടി യുക്രൈനിൽ ഉപയോഗിക്കുന്നില്ലെന്ന് സി.പി. എം. ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി കുറ്റപ്പെടുത്തി. കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി .
അന്നത്തെ സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളേയാണ് ഒഴിപ്പിച്ച് കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ ആളുകള്‍ വരുമ്പോള്‍ മോദിക്ക് നന്ദി പറയുന്ന കാര്‍ഡുകളും ഫോട്ടോ സെഷനുകളും മാത്രമാണ് നടക്കുന്നത്. കാര്യക്ഷമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും ഭരണ ഘടനാ സ്ഥാപനങ്ങളെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ ശക്തിവര്‍ദ്ധിക്കുന്നത് അമേരിക്കയെ ഭയപ്പെടുത്തുന്നുവെന്നും ചൈനയെ വളയുക, ഒറ്റപ്പെടുത്തുക എന്നതാണ് അമേരിക്കന്‍ തന്ത്രമെന്നും യെച്ചൂരി പറഞ്ഞു. . എങ്ങനെയാണ് യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തി നില്‍ക്കുന്നത് എന്ന് നാം പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടു .
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മുതല്‍ അമേരിക്ക ഈ സമീപനം സ്വീകരിക്കുന്നുണ്ട്. നാറ്റോ കിഴക്കന്‍ യൂറോപ്പിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഗോര്‍ബച്ചേവിന്റെ കാലത്ത് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പൂര്‍ണമായും ലംഘിച്ചു. യുക്രൈന്‍ ഒഴികെയുള്ള മറ്റെല്ലാ കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തേക്കും നാറ്റോയെ വ്യാപിപ്പിച്ചു. 175000 നാറ്റോ സൈനികരെ റഷ്യക്ക് ചുറ്റുമായി വിന്യസിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റനകം മിസൈല്‍ വെച്ച് അക്രമിക്കാനുള്ള ഏര്‍പ്പാടുകള്‍ അമേരിക്ക ഈ സംവിധാനം വഴി ചെയ്തുവച്ചിട്ടുണ്ട്. ഇതൊരു വശമാണ്.
മറ്റൊരു വശത്ത് പുതിന്റെ നേതൃത്വത്തില്‍ റഷ്യയില്‍ സങ്കുചിതമായ ദേശീയവാദത്തെ ശക്തിപ്പെടുത്തി. യുക്രൈന്‍ എല്ലാ കാലത്തും ഒപ്പം നില്‍ക്കണമെന്ന വാദമാണ് പുതിന്‍ ഉന്നയിക്കുന്നത്. ഈ രണ്ട് വാദങ്ങളും അപകടകരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ലോകസമാധാനത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ഈ അവസ്ഥ അടിയന്തരമായി പരിഹരിക്കപ്പെടണം. നാറ്റോയെ വ്യാപിപ്പിക്കില്ലെന്ന ഉറപ്പ് അമേരിക്ക പാലിക്കണം. ഒരു രാജ്യം സ്വീകരിക്കുന്ന നടപടികള്‍ മറ്റൊരു രാജ്യത്തിന്റെ സുരക്ഷിതത്വത്തേയും ബാധിക്കരുതെന്ന അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വം എല്ലാവരും പാലിക്കണം.