യുദ്ധപശ്ചാത്തലത്തിൽ നാടുവിട്ടെന്ന പ്രചാരണം തള്ളി യുക്രെയ്ന്‍ പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കി. താന്‍ കീവില്‍ തന്നെയുണ്ടെന്ന് ട്വിറ്ററിൽ പങ്കുവച്ച പുതിയ വിഡിയോയിൽ വൊളിഡിമിർ സെലെൻസ്കി പറഞ്ഞു. അതിര്‍ത്തി കടന്നെത്തിയ നൂറുകണക്കിന് റഷ്യന്‍ സൈനികരെ വധിച്ചെന്നും റഷ്യയെ പ്രതിരോധിക്കാനായി തങ്ങള്‍ കീവില്‍ തന്നെയുണ്ടെന്നുമാണ് സെലന്‍സ്‌കി വെളിപ്പെടുത്തിയത്.
അതേസമയം, യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന ആവശ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈന്‍ തലസ്ഥാനമായ കീവിന് 12 കിലോമീറ്റര്‍ (8 മൈല്‍) അകലെ റഷ്യയും യുക്രൈനും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. കീവിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം.