അതുല്യ പ്രതിഭ കെപിഎസി ലളിതയുടെ സംസ്‌കാര ചടങ്ങുകൾ എങ്കക്കാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ ഓർമ്മ എന്ന വീട്ടിൽ എത്തിച്ചത്. അരമണിക്കൂറോളം ഇവിടെ പൊതുദർശനം ഉണ്ടായിരുന്നു.കെ പി എ സി ലളിതയ്ക്ക് അന്തമോപചാരം അർപ്പിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിയത്.വീടിന്റെ തെക്കേഭാഗത്ത് ഒരുക്കിയ ചിതയിലാണ് ചടങ്ങുകൾ നടന്നത്.
ലായം കൂത്തമ്പലത്തിൽ മലയാള സിനിമയിലെ താരങ്ങളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളാണ് പ്രിയനടിയെ ഒരുനോക്ക് കാണാൻ എത്തിയത്. നടൻ പൃഥ്വിരാജ്, ജയസൂര്യ, ജനാർദ്ദനൻ, മല്ലിക സുകുമാരൻ, ഹരിശ്രീ അശോകൻ, ഗായകൻ എം.ജി ശ്രീകുമാർ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നടന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, ശ്രുതി ലക്ഷ്‌മി, സരയൂ, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ എന്നിവര്‍ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ലളിത വസന്തം ഇനി ഓർമ്മ;വിട ചൊല്ലി കേരളം

