കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുയോഗങ്ങൾ പാടില്ലെന്നും ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കൂടാതെ പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. കൂടുതൽ ആളുകൾ കൂടുന്ന ബീച്ചിൽ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കിൽ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കായി കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകൾ പതിനെട്ടായിരം കടന്നപ്പോൾ ഇന്നലത്തെ ടിപിആർ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയിൽ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആർ 36 ന് മുകളിലാണ്.

