നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ പുറത്തു വന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി.ഫേസ്ബുക്കിലൂടെയായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം.ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് എന്ന് ഇവർ ചോദിച്ചു.കഴിഞ്ഞ ദിവസമാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു
ഡബ്ല്യുസിസിയുടെ പ്രസ്താവനയുടെ പൂർണരൂപം,
മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ നമ്മുടെ സംസ്ഥാനത്തെ നീതിനിർവ്വഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമോ?
ഇന്റർവ്യൂവിൽ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കിൽ കുറ്റ ആരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ??
ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് ?
എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല ?
നീതിക്കായി പോരാടുന്നതിൻ്റെ വേദനയും സംഘർഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോൾ തന്നെ, ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ സത്യം അറിയിയുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.

