ഗാർഹികപീഡനത്തെ തുടർന്ന്നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രാത്രിയും ഉപരോധം തുടർന്ന് കോൺഗ്രസ്. ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ സുധീറിനെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ സമരം. മോഫിയയുടെ ഉമ്മയും ഇന്ന് രാവിലെ സമരസ്ഥലത്ത് എത്തിയിരുന്നു.ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ എം പി യും സമരത്തിനൊപ്പം ചേർന്നു. ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്നും സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് പറയുന്നു.സിഐയെ സസ്പെൻഡ് ചെയ്യണം എന്നതാണ് മോഫിയയുടെ കുടുംബത്തിന്റെയും ആവശ്യം. എന്നാൽ സംഭവം എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും അതിനു ശേഷം സിഐക്ക് എതിരെ തുടർ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
രാവിലെ 10 മണിക്ക് റൂറൽ എസ്പി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

