ജാർഖണ്ഡിൽ ധൻബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെ സ്ഫോടനം . ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ ട്രെയിൻ എഞ്ചിൻ പാളം തെറ്റിയതായി ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ രാജേഷ് കുമാർ അറിയിച്ചു.സംഭവത്തിൽ ആളപായമില്ല.ആക്രമണത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് സൂചന. സ്ഫോടനത്തിൽ ലൈൻ തകർന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഡെഹ്‌രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്‌പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്‌പെഷ്യൽ ട്രെയിൻ (03362) എന്നിവ റദാക്കി. സംഭവത്തെത്തുടർന്ന് മറ്റ് ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ, സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർമാർ, സീനിയർ ഡിവിഷണൽ എൻജിനീയർ എന്നിവരുൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന നടത്തി.
അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടന്നുവരികയാണ്. അപ് ലൈൻ ക്ലിയർ ചെയ്‌തെങ്കിലും ഡൗൺ ലൈനിന്റെ പണി ഇപ്പോഴും പുരോഗമിക്കുകയാണ്