കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം.കേസിലെ രണ്ടാം പ്രതി സാജന്, മൂന്നാംപ്രതി നന്ദു, ജനീഷ് എന്നിവര്‍ക്കാണ് ജീവപര്യന്തവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. കേസിലെ ഒന്‍പത്, പത്ത് പ്രതികളായ സന്തോഷ്, കുഞ്ഞുമോന് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഒന്നാംപ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലില്‍ കൊല്ലപ്പെട്ടിരുന്നു.
2014 മാർച്ച് 28ന് കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. രാത്രിമുൻ വൈരാഗ്യത്തിന്റെ പേരിൽ ജയേഷിനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പത്തംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ അക്രമികള്‍ വളഞ്ഞിട്ട് വെട്ടിനുറുക്കി. ഭാര്യയുടെയും മറ്റ് വീട്ടുകാരുടെയും മുന്നിലിട്ടായിരുന്നു ക്രൂരമായ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ജയേഷിനെ നെടുമുടി പൊലീസ് എത്തി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം മരിക്കുകയായിരുന്നു.
അതേസമയം വിധിപ്രസ്താവനയ്ക്കുശേഷം പ്രതികള്‍ പ്രോസിക്യൂഷനെ ഭീഷണിപ്പെടുത്തി. കോടതി വളപ്പിലെത്തിയ ഗൂണ്ടകളെ പൊലീസ് വിരട്ടിയോടിച്ചു.

