എന്‍ആര്‍ഐ/എന്‍ആര്‍ഐ സ്പോണ്‍സേര്‍ഡ് സീറ്റില്‍ അപേക്ഷിക്കാം
പുതുച്ചേരി സര്‍ക്കാര്‍ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ബിഎഎംഎസ് കോഴ്സില്‍ എന്‍ആര്‍ഐ/എന്‍ആര്‍ഐ സ്പോണ്‍സേര്‍ഡ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള 7 (ഏഴ്) സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമും, അനുബന്ധ വിവരങ്ങളും www.rgamc.in എന്ന കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ 2021 നവംബര്‍ 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0490 2337340, 9447687058, 9448223636, 9495894145.
പി.എന്‍.എക്സ്. 4253/2021
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്) സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ല്‍ നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ നവംബര്‍ 14 ന് 11 മുതല്‍ 1 വരെ ഓണ്‍ലൈനായി നടത്തും.
നവംബര്‍ 24 ന് ക്ലാസുകള്‍ (ഓണ്‍ലൈന്‍/ഓഫ്ലൈന്) ആരംഭിക്കും. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്.
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ., പൊന്നാനി, പിന് – 679573 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍:0494-2665489, 9746007504, 9846715386, 9645988778. www.ccek.org, email.icsrgovt@gmail.com.
പി.എന്‍.എക്സ്. 4254/2021
അഭിമുഖം: നവംബര്‍ 8
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം എട്ടിന് രാവിലെ 10 ന് കോളേജില്‍ നടത്തും. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ (www.cpt.ac.in) ലഭ്യമാണ്. ഒഴിവ് – 1, യോഗ്യത : കെമിസ്ട്രിയില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം.
പി.എന്‍.എക്സ്. 4255/2021
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
1974 ലെ ജല മലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം, 1981 ലെ വായു മലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം പ്രകാരം, വ്യവസായ/വ്യവസായേതര സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപത്രം കരസ്ഥമാക്കുന്നതിന് krocmms.nic.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. സ്ഥാപനാനുമതിയ്ക്കും പ്രവര്‍ത്തനാനുമതിയ്ക്കുമായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനും അനുമതിപത്രം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും സാധിക്കും. യൂണിറ്റുകള്‍ സ്ഥാപിതമാകുന്നതിനുമൂന്‍പ് സ്ഥാപനാനുമതിപത്രം കരസ്ഥമാക്കേണ്ടതും നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ തന്നെ പ്രവര്‍ത്തനാനുമതിപത്രം കരസ്ഥമാക്കേണ്ടതുമാണ്. സംരംഭകര്‍ വ്യവസായ/വ്യവസായേതര സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ബോര്‍ഡിന്റെ ദൂരപരിധി മാനദണ്ഡങ്ങളും മറ്റു മാര്‍ഗ്ഗരേഖകളും മനസ്സിലാക്കുന്നത് അഭിലഷണീയമായിരിക്കും. ഇതിനായി keralapcb.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പി.എന്‍.എക്സ്. 4256/2021
കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷ നല്കാന് വെബ്സൈറ്റ് സജ്ജമായി
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന് അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകര്‍ ഇനി പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (ICMR നല്കിയ മരണ സര്‍ട്ടിഫിക്കറ്റ്, Death Declaration Document), അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തിരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ ആയതിന്റെ പകര്‍പ്പ്.
മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ അപേക്ഷകര്‍ സമര്‍പ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കും. ആ പരിശോധനക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും കോവിഡ് ബാധിച്ച മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. സമര്‍പ്പിച്ച അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്.
ടെക്നിക്കല്‍ സ്റ്റാഫ് നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍, ഇലക്ട്രോണിക്സ്, സിവില്‍, സര്‍വ്വേ, കെമിക്കല്‍ എഞ്ചിനീയറിംഗ് ട്രേഡുകളില്‍ ട്രേഡ്സ്മാൻമാരെയും സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II, കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് I ജീവനക്കാരെയും ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് http://geckkd.ac.in, 0495 2383220.
ഭക്ഷ്യസുരക്ഷാ വകുപ്പ്: മാറ്റിവച്ച ഇന്റര്‍വ്യൂ 17,18,19 തീയതികളില്‍
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട് ജില്ലയിലേക്ക് അനുവദിച്ച മൊബൈല്‍ ലാബ് വാഹനത്തിലേക്ക് ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിലേക്ക് മാറ്റിവെച്ച ഇന്റര്‍വ്യു നവംബര്‍ 17,18,19 തീയതികളില്‍ നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0495 2720744.
അഭിമുഖം
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് IV എന്‍.സി.എ – എസ്.സി (കാറ്റഗറി നം. 428/2020) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം നവംബര്‍ 10 ന് രാവിലെ 10.15ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ മാസ്ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം.
ഉദ്യേഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2371971.
പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍: അഭിമുഖം 10 ന്
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് I എന്‍സിഎ – വിശ്വകര്‍മ്മ (കാറ്റഗറി നം. 527/2020) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം നവംബര്‍ 10 ന് രാവിലെ 11 മണിക്ക് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ മാസ്ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടുളളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2371971.
ഇറച്ചിക്കോഴി വളര്‍ത്തല്‍- പരിശീലനം 9 ന്
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ നവംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണി വരെ പരിശീലനം നടത്തും. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454 നമ്പറിലേക്ക് വിളിച്ച് മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയരക്ടര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ എറണാകുളം എസ്.ആര്.എം റോഡിലുളള സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്സില്‍ പ്രവേശനം നേടുന്നതിന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് നവംബര്‍ 15 വരെ അപേക്ഷിക്കാം. യോഗ്യത – അംഗീകൃത സര്‍വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം) വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനത്തില്‍ ട്രാവല്‍ ആന്റ് ടൂറിസം ഓപ്പറേഷന് രംഗത്ത് എക്സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേയ്ക്കും നിരവധി ജോലി സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. ഫോണ്‍ : 0484 2401008.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി പെട്രോള്‍ ബോട്ട് (എണ്ണം – 1) വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 10 ന് വൈകീട്ട് മൂന്ന് മണിക്കകം ഫീഷറീസ് അസി. ഡയറക്ടര്‍ ബേപ്പൂര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 0495 2414074.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിന്റെ നിലവിലുള്ള ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. നിയമനം താല്ക്കാലികവും അതാതു കാലത്തെ സര്‍ക്കാര്‍ ഉത്തരവുകള്ക്കനുസൃതവുമായിരിക്കും. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്സിലറി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും, അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണമെന്ന് അസി. സര്ജന് ഡോ. ബൈജു അറിയിച്ചു.

