കോഴിക്കോട് : സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാംപെയിനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ കീഴിലുള്ള അപ്പോത്തിക്കരിയും ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച ഡോക്‌സി ഡേ ബോധവല്‍ക്കരണ ക്യാപെയിന്‍ വിജയകരമായി പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 200 ഓളം വിദ്യാര്‍ത്ഥികളാണ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തത്.
എസ് എം സ്ട്രീറ്റ്, മാനാഞ്ചിറ, ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് പൊതുജനങ്ങളുമായി സംവദിക്കുകയും അവര്‍ക്കാവശ്യമായ ഡോക്‌സി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ആഗസ്റ്റ് 15 മുതല്‍ മൂന്നു ദിവസമാണ് പരിപാടി നടത്തിയത്. അപോത്തിക്കരിയുടെ നേതൃത്വത്തില്‍ ഡോക്‌സി വണ്ടിയും റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഡോക്‌സി കോര്‍ണര്‍ സ്റ്റാളുകളും ക്യാമ്പുകളില്‍ ബോധവല്‍ക്കരണ ക്ലാസുകളും നടന്നിരുന്നു. കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും പ്രളയം ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഡോക്‌സി വണ്ടി എത്തി. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ആരോഗ്യസന്ദേശം എത്തിക്കാനായി എന്നാണ് വിലയിരുത്തുന്നത്.
പതിനായിരത്തിലധികം ഡോക്‌സി ഗുളികളാണ് ഇവര്‍ മലിനജലവുമായി ബന്ധപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത്. കോഴിക്കോട് ജില്ലയിലെ ആരോഗ്യ മേഖലയില്‍ നല്ലൊരു ഇടപ്പെടല്‍ നടത്താന്‍ കോഴിക്കോട് അപ്പോത്തിക്കരിയ്ക്ക് സാധിച്ചു.
മെഡിക്കല്‍ വിദ്യഭ്യാസത്തിന്റെ ഘട്ടത്തില്‍ തന്നെ സമൂഹത്തോട് സംവദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മുന്നേറ്റത്തെ അഭിനന്ദിക്കുന്നകതായി ബീച്ചില്‍ നടത്തിയ സമാപന കൂടിച്ചേരലില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എ സംസാരിച്ചു.