മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായുള്ള നിയമനിര്‍മ്മാണ ശുപാര്‍ശകളുമായി നിയമപരിഷ്കരണ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി. അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്ന സുമനസുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും, സദാചാര ഗുണ്ടായിസം തടയുന്നതിനും വേണ്ടി നിയമനിര്‍മ്മാണത്തിനുള്ള ബില്ലുകളും റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് മന്ത്രി അറിയിച്ചു.
പുതിയ നിയമനിര്‍മ്മാണത്തിനായി 12 ബില്ലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. നിയമപരിഷ്കരണ കമ്മീഷന് വൈസ് ചെയര്മാന് കെ.ശശിധരന് നായര്‍, ലോ സെക്രട്ടറി ഹരി വി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
മന്ത്രിയുടെ കുറിപ്പ്:
മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉള്‍പ്പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിര്‍മ്മാണ ശുപാര്‍ശകളുമായി നിയമപരിഷ്കരണ കമ്മീഷന് തയ്യാറാക്കിയ സമാഹൃത റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.
അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്ന സുമനസുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും, സദാചാര ഗുണ്ടായിസം തടയുന്നതിനും ഉള്ള നിയമനിര്‍മ്മാണത്തിനുള്ള ബില്ലുകളും റിപ്പോര്‍ട്ടില്‍ ഉണ്ട്. പുതിയ നിയമനിര്‍മ്മാണത്തിനുള്ള 12 ബില്ലുകള്‍, കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള 1 ബില്ല്, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്ന 4 ബില്ലുകള്‍, ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള 4 ബില്ലുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

