ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച് ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കര്‍. മത്സരത്തിന്റെ സാഹചര്യത്തിനൊത്ത് ടീമിനെ നയിക്കാന്‍ രോഹിതിനു കഴിയുന്നുണ്ടെന്നുംരോഹിതിന്റെ പ്രകടനം ലോകനിലവാരത്തിനും ഒരുപടി മുകളിലാണെന്നും സച്ചിന് അഭിപ്രായപ്പെട്ടു.
ഓപ്പണറായി ഇംഗ്ലണ്ടില്‍ ആദ്യമായി കളിക്കാനിറങ്ങിയ രോഹിത് ഒട്ടും അങ്കലാപ്പില്ലാതെയാണ് ബാറ്റുവീശുന്നതെന്നും ഇംഗ്ലണ്ടിലെ സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെട്ട് പെട്ടെന്ന് തന്നെ ബാറ്റിങ് ശൈലിയില്‍ മാറ്റവും വരുത്തിയതായും സച്ചിന് പറഞ്ഞു.
”ഇതുവരെയുള്ള രോഹിത് ഇന്നിങ്സുകളുടെ മറുവശമാണ് ഇംഗ്ലണ്ടില്‍ കണ്ടത്. ടെസ്റ്റില്‍ വിദേശ പിച്ചുകളില്‍ വലിയ സ്കോര്‍ കണ്ടെത്താന്‍ രോഹിതിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഓസ്ട്രേലിയയിലേയും ഇപ്പോള്‍ ഇംഗ്ലണ്ടിലേയും പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് വിശ്വാസം അര്‍പ്പിക്കാന്‍ സാധിക്കുന്ന താരമായി രോഹിത് മാറിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് ഇന്നിങ്സുകളിലും മികച്ച തുടക്കം ലഭിച്ച ബാറ്റ്സ്മാന് രോഹിത് തന്നെയായിരുന്നു. രണ്ടാം ടെസ്റ്റില്‍ രോഹിതാണ് ഇന്ത്യയെ നയിച്ചത്. കെ.എല്‍ രാഹുല്‍ മികച്ച പിന്തുണയും നല്കി”- സച്ചിന് പറഞ്ഞു.
പുള്‍ ഷോട്ട് കളിക്കുന്നതിനേക്കുറിച്ചുള്ള വിമര്‍ശനങ്ങളെയും സച്ചിന് തള്ളിക്കളഞ്ഞു. ”ആ ഷോട്ടുപയോഗിച്ച് എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഷോട്ട് കളിക്കാനുള്ള ആത്മവിശ്വാസം തോന്നുമ്പോള്‍ മാത്രമാണ് ഒരു ബാറ്റ്സ്മാന് അതിന് ശ്രമിക്കുന്നത്,” സച്ചിന് കൂട്ടിച്ചേര്‍ത്തു,

