മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴിയിൽ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചട്ടം ഓരോരുത്തരുടെ സൗകര്യത്തിനുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണം ഗൗരവമുള്ളതാണ്.
കേസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ വിവിധതലങ്ങളില്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയിലും നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനാല്‍ നിയമ സഭയ്ക്ക് നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ല എന്നും വ്യക്തമാക്കിയിരുന്നു സ്പീക്കര്‍ നിലപാട് എടുത്തത്. ഭരണതലത്തില്‍ ഉള്ള അവരുടെ പേരുകള്‍ പറയുവാന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ കേന്ദ്രഏജന്‍സികള്‍ സമ്മര്‍ദ്ദം ചെയ്തുവെന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട് എന്ന് മന്ത്രി പി രാജീവും ചൂണ്ടിക്കാട്ടി.അതേസമയം, കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍പും നിയമസഭ പരിഗണിച്ചിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മുന്‍പ് അനുമതി നല്‍കിയിട്ടുള്ള വിഷയങ്ങള്‍ എണ്ണിപ്പറഞ്ഞ സതീശന്‍ ശബരിമല, കൊടകര കേസുകള്‍ അന്വേഷണ ഘട്ടത്തിലും കോടതി പരിഗണിക്കുന്ന സമയത്തും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നും സഭയില്‍ വ്യക്തമാക്കി.
പുറത്തിറങ്ങിയ പ്രതിപക്ഷം സഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സമാന്തര അടിയന്തര പ്രമേയം അവതരിപ്പിച്ചു. പ്രമേയാവതരണ വേളയില്‍ പി ടി തോമസ് സ്പീക്കറും എന്‍ ഷംസുദ്ദീന്‍ അവതാരകനുമായി. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി പി ടി തോമസ് ആരോപിച്ചു.

