ടി-20യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി-20 മത്സരത്തിനിടെയാണ് ഗെയിൽ ഈ റെക്കോർഡ് കുറിച്ചത്. വിൻഡീസ് ഇന്നിംഗ്സിൻ്റെ 9ആം ഓവറിൽ ഓസീസ് സ്പിന്നർ ആദം സാംപയെ ബൗണ്ടറി ലൈനു പുറത്തെത്തിച്ചായിരുന്നു ഗെയിലിൻ്റെ റെക്കോർഡ് നേട്ടം. മത്സരത്തിൽ ഗെയിൽ 38 പന്തുകളിൽ നിന്ന് 67 റൺസെടുത്തു.
മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 6 വിക്കറ്റിനു വിജയിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പര വെസ്റ്റ് ഇൻഡീസ് 3-0ന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേളിയക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 14.5 ഓവറിൽ വിജയിക്കുകയായിരുന്നു.
ദേശീയ ടീമിൽ ഗെയിലിൻ്റെ സഹതാരമായ കീറോൺ പൊള്ളാർഡ് ആണ് ടി-20 റൺസുകളിൽ രണ്ടാം സ്ഥാനത്ത്. 10836 റൺസാണ് പൊള്ളാർഡിനുള്ളത്. പാക് താരം ഷൊഐബ് മാലിക്ക് 10074 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്. ഡേവിഡ് വാർണർ (10017), വിരാട് കോലി (9992) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്.

