National News

പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചാലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തണം; സുപ്രീംകോടതി

കോവിഡ് പോസിറ്റീവായി മൂന്നുമാസത്തിനകം മരണപ്പെടുന്നവരുടെ സര്‍ട്ടിഫിക്കറ്റിലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തുന്നകാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചശേഷം മറ്റു സങ്കീര്‍ണതകള്‍കൊണ്ട് ആശുപത്രിയിലോ വീട്ടിലോ വെച്ച് മരിച്ചാല്‍ ഇത്തരത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് മാര്‍ഗരേഖയിറക്കാനും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

കോവിഡില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് മരണ സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഈ രേഖയിലെ മരണകാരണത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിഹരിക്കാനും സംവിധാനമുണ്ടാക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റിനുള്ള മാര്‍ഗരേഖയുണ്ടാക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സില്‍ക്കാണണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

രജിസ്റ്ററിങ് അതോറിറ്റികള്‍ക്കായി ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി.

4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, തുക എത്രയെന്നു പറയാതെ ഉചിതമായ തുക സര്‍ക്കാര്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. ഇതിനായി ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേക മാര്‍ഗരേഖ തയാറാക്കാനും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ധനകാര്യ കമ്മിഷന്‍ നിര്‍ദേശിച്ചതു പ്രകാരം ശ്മശാന ജീവനക്കാര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി രൂപീകരിക്കുന്ന കാര്യവും പരിഗണിക്കാന്‍ നിര്‍ദേശമുണ്ട്.

കോവിഡോ ഇതിനെ തുടര്‍ന്നുള്ള മ്യൂക്കര്‍മൈക്കോസിസോ (ബ്ലാക്ക് ഫംഗസ്) ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 4 ലക്ഷം രൂപ നഷ്ടപരിഹാരവും കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഏകീകൃത രൂപവും വേണമെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. അഭിഭാഷകരായ റീപക് കന്‍സാല്‍, ഗൗരവ് കുമാര്‍ ബന്‍സാല്‍ എന്നിവരാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. സാമ്പത്തിക ബാധ്യത പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ സര്‍ക്കാരിനു കഴിയില്ലെന്നു ബെഞ്ചിലെ ജസ്റ്റിസ് എം ആര്‍ ഷാ പറഞ്ഞു. നഷ്ടപരിഹാരം നിയമപരവും നിര്‍ബന്ധിതവുമാണെന്നും വിവേചനപരമല്ലെന്നും കോടതി പറഞ്ഞു.

കോവിഡ് മൂലം മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ കൃത്യമായ തീയതിയും യഥാര്‍ഥ കാരണവും വ്യക്തമാക്കിയിരിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. മരണ കാരണം രേഖപ്പെടുത്തിയതില്‍ കുടുംബത്തിന് ആക്ഷേപമുണ്ടെങ്കില്‍ തിരുത്തല്‍ വരുത്താനും സംവിധാനമുണ്ടാകണം. സര്‍ട്ടിഫിക്കറ്റ് നടപടികള്‍ ലളിതമാക്കി മാര്‍ഗരേഖയിറക്കണം. – കോടതി നിര്‍ദേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!