Kerala News

സ്വര്‍ണക്കടത്തില്‍ വിവാദങ്ങളല്ല, വസ്തുതകള്‍ പുറത്ത് വരണം;അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധമെങ്കില്‍ അതും പുറത്തു വരണമെന്ന് ജനയുഗം മുഖപ്രസംഗം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഭവത്തില്‍ വിവാദങ്ങള്‍ക്ക് പകരം വസ്തുതകള്‍ പുറത്തുവരണമെന്ന് സി.പി.ഐ. മുഖപത്രം ജനയുഗം.
വിവാദങ്ങളിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപെടും. ഇത് തന്നെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തിലും സംഭവിച്ചതെന്ന് വിവാദങ്ങളിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപെടും. ഇത് തന്നെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തിലും സംഭവിച്ചതെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗ എഡിറ്റോറിയലിൽ പരാമര്‍ശം.ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വന്‍കിട അധോലോക മാഫിയാ ശക്തികളുടെ വേരറുക്കുവാന്‍ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നതെന്നും പത്രം പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയമോ, ധാർമ്മികതയ്ക്കു യോജിക്കാത്തതുമായ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ പുറത്ത് വരേണ്ടത് തന്നെയാണ്. ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വൻകിട അധോലോക – മാഫിയാ ശക്തികളുടെ വേരറുക്കുവാൻ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നത്,” ജനയുഗം എഡിറ്റോറിയല്‍ പറയുന്നു.

ഒരുവർഷം മുമ്പ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നടന്ന സ്വർണക്കള്ളക്കടത്തിലും സമാനമായ കാര്യമാണ് നടന്നത്. രാഷ്ട്രീയ നേട്ടവും എതിരാളികൾക്കെതിരായ അപഹാസ അവസരവും പ്രതിചേർക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചർച്ച ചെയ്തു. വിവാദ നിർമ്മിതി മാത്രം ശ്രദ്ധാകേന്ദ്രമായപ്പോള്‍ ആ സ്വർണക്കള്ളക്കടത്തു കേസിലും യഥാർത്ഥ കുറ്റവാളികൾ രക്ഷപെടുകയാണ് ഉണ്ടായതെന്നും ജനയുഗം വ്യക്തമാക്കുന്നു.നികുതി വെട്ടിച്ച് സ്വർണമെത്തുമ്പോൾ കുഴൽപ്പണ ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള അരാജക നടപടികളും ഉണ്ടാകുന്നു അതിന്റെ കൂടെ കള്ളക്കടത്ത് നടത്തുന്നവരും സ്വർണം തട്ടിയെടുത്തു സമ്പന്നരാകുന്നവരും അതിനിടയിലെ ക്വട്ടേഷൻ സംഘങ്ങളും എല്ലാം ചേരുമ്പോൾ അത് വലിയ ക്രമസമാധാന പ്രശ്നവും ധാർമ്മിക വെല്ലുവിളിയുമായി മാറുന്നുവെന്നും എഡിറ്റോറിയലില്‍ പറയുന്നു.

രാമനാട്ടുകര കേസില്‍ അറസ്റ്റിലായ കുറ്റാരോപിതരുടെ സി.പി.ഐ.എം. ബന്ധം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖപ്രസംഗമെന്നതും ശ്രദ്ധേയമാണ്. കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി തിങ്കളാഴ്ചയാണ് കസ്റ്റംസിന് മുന്നില്‍ ഹാജരായത്. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് മുന്നിലാണ് അര്‍ജുന്‍ ഹാജരായത്.

ജനയുഗം മുഖപ്രസംഗം പൂര്‍ണരൂപം,

ജൂണ്‍ 21 ന് കോഴിക്കോട് രാമനാട്ടുകരയില്‍ നടന്ന ഒരു അപകടം വലിയ മാനങ്ങള്‍ സൃഷ്ടിച്ച ഒരു വിവാദമായി ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടി പുളിഞ്ചോട് വളവില്‍ അഞ്ചുപേരുടെ മരണത്തിന് കാരണമായ അപകടം നടന്നത്.

ആദ്യവാര്‍ത്തകളില്‍ പുലര്‍ച്ചെ നടന്ന ഒരപകടം മാത്രമായിരുന്നു അത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാ വഴിയായതിനാല്‍ സ്വാഭാവികമായും യാത്രക്കാരായിരിക്കും മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം.

വിമാനത്താവളത്തില്‍ നിന്ന് വടക്കോട്ട് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച മുഹമ്മദ് ഷഹീര്‍, നാസര്‍, താഹിര്‍, അസൈനാര്‍, സുബൈര്‍ എന്നീ അഞ്ചുപേരും തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലുള്ളവരായിരുന്നുവെന്നത് പൊലീസിന്റെ സംശയത്തെ ബലപ്പെടുത്തിയിരിക്കാം. അതുകൊണ്ടുതന്നെ മരിച്ചവരെ സംബന്ധിച്ച പൊലീസ് അന്വേഷണം ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് പിന്നീട് പുറത്തുകൊണ്ടുവന്നത്.

ആദ്യം വാഹനാപകടമെന്ന നിലയിലും പിന്നീട് ദുരൂഹമെന്ന നിലയിലും പ്രചരിച്ച വാര്‍ത്തകള്‍ വിധ്വംസക അധോലോക മാഫിയാ ബന്ധങ്ങളുള്ളതും ചുരുളഴിയുന്ന അപസര്‍പ്പക കഥകളിലേയ്ക്കും വഴിമാറി. സ്വര്‍ണക്കള്ളക്കടത്ത്, അങ്ങനെ കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കല്‍, അതിനുവേണ്ടിയുള്ള ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിങ്ങനെ കണ്ണികളും ചങ്ങലകളും നീളുന്ന സംഭവങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തലുകളും മൊഴികളുമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ അപകടം നടന്ന ദിവസം പിടിയിലായ കള്ളക്കടത്തുള്‍പ്പെടെയുള്ള സംഭവങ്ങള്‍ കുറ്റാരോപിതരുടെയും അറസ്റ്റിലായവരുടെയും ബന്ധങ്ങള്‍ തേടിയുള്ള വിവാദ നിര്‍മ്മിതിയായി മാറിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് രാഷ്ട്രീയമോ അല്ലാത്തതോ ആയതും പാടില്ലാത്തതും ധാര്‍മ്മികതയ്ക്കു യോജിക്കാത്തതുമായ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അവ പുറത്തുവരേണ്ടതുതന്നെയാണ്.

പക്ഷേ ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വന്‍കിട അധോലോക മാഫിയാ ശക്തികളുടെ വേരറുക്കുവാന്‍ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നത്. കൊടുവള്ളി സംഘം, ചെര്‍പ്പുളശ്ശേരി സംഘം, കണ്ണൂര്‍ പൊട്ടിക്കല്‍ എന്നിങ്ങനെയുള്ള സംഘങ്ങളെ കുറിച്ചും അവരുടെ ചെയ്തികള്‍, നീതികേടുകള്‍, കള്ളക്കടത്തിനും ക്വട്ടേഷനുകള്‍ക്കുമുള്ള വിഭ്രമാത്മക രീതികള്‍ എന്നിവയുടെ വിവരണ കഥകളിലൂടെയാണ് ഇപ്പോള്‍ നമ്മുടെ സഞ്ചാരം.

അത്തരം വിവരണങ്ങള്‍ക്കൊപ്പം ഈ സംഭവങ്ങള്‍ നമ്മുടെ സാമ്പത്തിക അടിത്തറയ്ക്കുണ്ടാക്കുന്ന ആഘാതവും അതോടൊപ്പം ഉയരുന്ന ധാര്‍മ്മിക പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും പരിഗണിക്കപ്പെടാതെ പോകുന്നു. ഏകദേശം ഒരുവര്‍ഷം മുമ്പാണ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നടന്നൊരു സ്വര്‍ണക്കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്.

അപ്പോഴും ഇതിന് സമാനമായതു തന്നെയാണ് സംഭവിച്ചത്. രാഷ്ട്രീയ നേട്ടവും എതിരാളികള്‍ക്കെതിരായ അപഹാസ അവസരവും പ്രതിചേര്‍ക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍, വിവാദ നിര്‍മ്മിതി മാത്രം ശ്രദ്ധാകേന്ദ്രമായപ്പോള്‍ ആ സ്വര്‍ണക്കള്ളക്കടത്തു കേസിലും യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്തു തന്നെ വിരാജിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് നിര്‍ബാധം തുടരുകയും ചെയ്തു. പുതിയ സംഭവത്തിലും അത്തരമൊരു പരിണതിയല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാന്‍ സാധിക്കുന്നില്ല.

സ്വര്‍ണക്കടത്തുപോലുള്ള അനധികൃത നടപടികള്‍ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെയും രാജ്യത്തിന്റെ ഭദ്രതയെയും ബന്ധപ്പെട്ടതാണ്. ആറുമാസങ്ങള്‍ക്ക് മുമ്പ് ലോക്സഭയില്‍ നല്കിയ മറുപടി അനുസരിച്ച് അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 3,122 കോടി വിലമതിക്കുന്ന 11,000 കിലോഗ്രാം സ്വര്‍ണമായിരുന്നു.

രാജ്യത്തെ പ്രമുഖമായ വിമാനത്താവളങ്ങളിലൂടെ നടക്കുന്ന കള്ളക്കടത്തില്‍ വളരെ ചെറിയ ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. അതുതന്നെ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെതുടര്‍ന്നോ അല്ലാതെയോ ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ ഫലമായിട്ടാണ്. വന്‍ കള്ളക്കടത്ത് നടത്തുന്നതിന്റെ ഭാഗമായി ചെറിയ തുകയ്ക്കുള്ളത് പിടികൊടുക്കുന്ന രീതിയുണ്ടെന്ന വെളിപ്പെടുത്തലുകളുമുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കാന്‍ പര്യാപ്തമാവുന്ന അളവിലും തുകയ്ക്കുമുള്ള കള്ളക്കടത്തു സ്വര്‍ണം ഇവിടേയ്ക്ക് വരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

നികുതി വെട്ടിച്ച് ഇവിടെ സ്വര്‍ണമെത്തുമ്പോള്‍ തന്നെ കുഴല്‍പ്പണ ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള അരാജക നടപടികളും ഉണ്ടാകുന്നു. അതിന്റെ കൂടെ കള്ളക്കടത്ത് നടത്തുന്നവരും സ്വര്‍ണം തട്ടിയെടുത്തു സമ്പന്നരാകുന്നവരും അതിനിടയിലെ ക്വട്ടേഷന്‍ സംഘങ്ങളും എല്ലാം ചേരുമ്പോള്‍ അത് വലിയ ക്രമസമാധാന പ്രശ്‌നവും ധാര്‍മ്മിക വെല്ലുവിളിയുമായി മാറുകയും ചെയ്യുന്നു.

അനാശാസ്യകരമായ രാജ്യാന്തര കുറ്റവാളി ശൃംഖലയുടെ രൂപീകരണത്തിനും അത് വഴിയൊരുക്കുന്നു. ഈ വിധത്തില്‍ വിവിധ മാനങ്ങളുള്ള കുറ്റകൃത്യം എന്ന നിലയില്‍ സ്വര്‍ണക്കള്ളക്കടത്ത് പലപ്പോഴും അന്വേഷിക്കപ്പെടുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിന്റെ അനന്ത സാധ്യതകളുടെ മായാവലയത്തിലേയ്ക്ക് കൂടുതല്‍ പേര്‍ എത്തിപ്പെടുകയാണ് ചെയ്യുന്നത്. ഈ വസ്തുതകളും ഏറ്റവും വിപുലമായ സംവാദ വിഷയമായി മാറേണ്ടതുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!