ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത 20കാരിയ്ക്കെതിരെ ബാലവിവാഹത്തിന് കേസ്.ബെംഗളൂരു സ്വദേശിനിയും മടിക്കേരിയിൽ നഴ്സിങ് വിദ്യാർഥിനിയുമായ 20 വയസ്സുകാരിക്കെതിരെയാണ് ചിക്കമംഗളൂരു പോലീസ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വിവാഹം നടത്തിക്കൊടുത്ത 17-കാരന്റെ ബന്ധുക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിവാഹ വാർത്ത പുറത്തുവന്നതോടെ നാട്ടുകാർ ചൈൽഡ് ഹെൽപ്പ് ലൈനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് യുവതിയ്ക്കും വിവാഹത്തിൽ പങ്കെടുത്ത ആൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
17-കാരനും യുവതിയും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടവരാണെന്നും ഈ ബന്ധം പ്രണയത്തിലെത്തിയതോടെ വിവാഹം കഴിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തനിക്ക് 21 വയസ്സായെന്ന് 17-കാരൻ യുവതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതോടെയാണ് യുവതി വിവാഹത്തിന് സമ്മതം മൂളിയത്.
“വിവാഹം നടത്തിയ ആൺകുട്ടിയുടെ ബന്ധുക്കൾക്കെതിരേയും ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു. ആൺകുട്ടിയും യുവതിയും നിലവിൽ രണ്ടിടത്താണ് താമസിക്കുന്നത്” ചിക്കമംഗളൂരു എസ്പി ഹാകയ് അക്ഷയ് മച്ചീന്ദ്ര പറഞ്ഞു.

