പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രീം കോടതി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി. അക്രമത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്നാണ് ഇന്ദിര ബാനര്‍ജി പിന്മാറിയത്.
‘കേസ് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ ഇന്ദിര പറഞ്ഞു. കൊല്‍ക്കട്ടയില്‍നിന്നുള്ള വ്യക്തിയാണ് ഇന്ദിര. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നും അത് തളളണമെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി.
ബി.ജെ.പി. പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇന്ദിര ബാനര്‍ജി പിന്മാറിയതിനെ തുടര്‍ന്ന് കേസ് മറ്റൊരു ബെഞ്ചിന് കൈമാറും. കൂട്ടബലാത്സംഗത്തിന് ഇരയായ രണ്ടു പേരും സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ക്ക് നേരെയുണ്ടായത് അതിക്രമത്തിന് പിന്നിലും രാഷ്ട്രീയപ്രേരണ ഉണ്ടെന്നായിരുന്നു ഇരകളുടെ വാദം.
നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബി.ജെ.പി. അനുഭാവികള്ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ടതായി ബി.ജെ.പി. ആരോപിച്ചിരുന്നു.

