

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാങ്ങുന്ന ആംബുലൻസിന് സമ്പാദ്യം വിട്ടുനൽകി രണ്ട് കുരുന്നുകൾ ശ്രദ്ധേയരായി. വെള്ളന്നൂർ സേക്രെട്ട് ഹാർട്ട് സ്കൂളിലെ ഏഴാം ക്ലാസുകാരി അമേയ ബാലയും കൊടൽ നടക്കാവ് ഗവ. യു.പി സ്കൂളിലെ നാലാം ക്ലാസുകാരൻ ധാർമികുമാണ് തങ്ങളുടെ പണക്കുടുക്ക പി.ടി.എ റഹീം എം.എൽ.എയെ ഏൽപ്പിച്ചത്.
സി.പി.ഐ(എം) കുന്നമംഗലം ലോക്കൽ കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രദേശത്തെ ആരോഗ്യ രംഗത്തെ സേവനങ്ങൾക്കും വേണ്ടി വാങ്ങുന്ന പുതിയ ആംബുലൻസിനുള്ള ഫണ്ടിലേക്കാണ് കുട്ടികൾ തങ്ങളുടെ സമ്പാദ്യം സംഭാവനയായി നൽകിയത്.
ഒഴയാടി തറമ്മൽതാന്നിക്കാട്ട് ബിനീഷിൻ്റെയും രഞ്ജുവിൻ്റെയും മകളായ അമേയ ബാല ടാബ് വാങ്ങുന്നതിന് സ്വരൂപിച്ച 1780 രൂപയും, അമ്പാഴംകണ്ടി പ്രവീണിൻ്റെ സഹോദരീ പുത്രൻ ധാർമിക് സൈക്കിൾ വാങ്ങാൻ അമ്മവീട്ടുകാർ പലപ്പോഴായി നൽകിയ 2007 രൂപയും അടങ്ങിയ പണക്കുടുക്കകളാണ് എം.എൽ.എയെ ഏൽപ്പിച്ചത്.
സി.പി.ഐ(എം) കുന്നമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എം സുധീഷ്കുമാർ, നീലാറമ്മൽ ബഷീർ, എൻ സന്തോഷ്കുമാർ, പി പവിത്രൻ, എം.എം രജയ്, പി രാജീവ്, പി മനോജ്, കെ മനുനാഥൻ, സി ബാലകൃഷ്ണൻ, എൻ വിനോദ്, കെ ഭരതൻ തുടങ്ങിയവർ സംസാരിച്ചു.

