ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭ മേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍. കുംഭമേളയും കഴിഞ്ഞ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവര്‍ കൊറോണയെ പ്രസാദമായി എടുത്തുകൊണ്ടാണ് പോകുന്നതെന്നാണ് മേയറുടെ വിമര്‍ശനം.രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുംബൈ മേയര്‍ കിഷോരി പെഡ്നേക്കറുടെ പ്രസ്താവന. 63,729 കോവിഡ് കേസുകളും 398 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.കുംഭ മേളയും കഴിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ സ്വന്തം കയ്യില്‍ നിന്ന് കാശ് മുടക്കി ക്വാറന്റീനില്‍ ഇരിക്കണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കുംഭമേളയുടെ ഭാഗമായി ഗംഗാതീരത്ത് പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് തടിച്ചുകൂടിയത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഉള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
കുംഭ മേള കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരൊക്കെ കൊറോണയെ പ്രസാദമായി എല്ലാവര്ക്കും നല്കാന് പോവുകയാണ്. പരിപാടിയില്‍ പങ്കെടുത്ത് അതതു സംസ്ഥാനത്തെത്തുന്നവരൊക്കെ അവരവരുടെ സ്വന്തം ചെലവില്‍ ക്വാറന്റീനിലിരിക്കണം. മുംബൈയിലും തിരിച്ചെത്തുന്നവരെ ക്വാറന്റീനിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ സ്വന്തം ചെലവില്‍ ക്വാറന്റീന് ഇരിക്കണം,’ മുംബൈ മേയര്‍ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്നവര്‍ക്ക് ക്വാറന്റീന് ഒരുക്കുമെന്ന് മേയര്‍ അറിയിച്ചിരിക്കുന്നത്.മുംബൈയിലെ 95 ശതമാനം ആളുകളും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട് ശേഷിക്കുന്ന അഞ്ച് ശതമാനം ആളുകളാണ് മറ്റുള്ളവർക്ക് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് മുംബൈ മേയർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നത് ഉചിതമാണെന്നും അവര്‍ വ്യക്തമാക്കി.

