ജുഡീഷ്യൽ സർവീസ് പരീക്ഷ: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷ- 2019 ന്റെ (എൻ.സി.എ ഒഴിവ്) മെറിറ്റ് ലിസ്റ്റ് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്.1330/2021
ഗവർണർ വിഷു ആശംസ നേർന്നു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷു ആശംസ നേർന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായ വിഷു, സമാധാനവും ഐശ്വര്യവും ഒരുമയും നൽകി അനുഗ്രഹിക്കട്ടെയെന്ന് ഗവർണർ ആശംസാസന്ദേശത്തിൽ പറഞ്ഞു.
പി.എൻ.എക്സ്.1331/2021
ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നു
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിൽ അംഗങ്ങളുടെ ആകസ്മിക ഒഴിവ് ഉപതിരഞ്ഞെടുപ്പിലൂടെ നികത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെയും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, എറണാകുളം ജില്ലയിലെ പിറവം, വയനാട് ജില്ലയിലെ സുൽത്താൻബത്തേരി എന്നീ മുനിസിപ്പാലിറ്റികളിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെയും ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. പഞ്ചായത്തുകളുടെ പട്ടിക ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിക്കും. നിലവിലെ വോട്ടർപട്ടിക www.lsgelection.kerala.gov.in ൽ ലഭ്യമാണ്.
അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രിൽ 29 വരെ സമർപ്പിക്കാം. അവകാശവാദങ്ങളിൽ മെയ് 10ന് തീർപ്പ് കൽപ്പിക്കും. മെയ് 11ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തിയതിയായ 2021 ജനുവരി ഒന്നിനോ അതിനു മുമ്പോ അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം.
വോട്ടർ പട്ടിക പുതുക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ പത്തനംതിട്ട-കലഞ്ഞൂർ-പല്ലൂർ 20, ആലപ്പുഴ-മുട്ടാർ-നാലുതോട് 58, കോട്ടയം- എലിക്കുളം-ഇളങ്ങുളം 14, എറണാകുളം ജില്ലയിലെ വേങ്ങൂർ-ചൂരത്തോട് 11, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത് 13, മാറാടി-നോർത്ത് മാറാടി 06, മലപ്പുറം ജില്ലയിലെ ചെറുകാവ്- ചേവായൂർ 10, വണ്ടൂർ-മുടപ്പിലാശ്ശേരി 09, തലക്കാട്-പാറശ്ശേരി വെസ്റ്റ് 15, കോഴിക്കോട്-വളയം-കല്ലുനിര 03, കണ്ണൂർ-ആറളം-വീർപ്പാട് 10 എന്നീ ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് 06 വഴിക്കടവ്, തിരുവനന്തപുരം- നെടുമങ്ങാട്- പതിനാറാംകല്ല് 17, എറണാകുളം- പിറവം- കരക്കോട് 05, വയനാട്- സുൽത്താൻ ബത്തേരി- പഴശ്ശേരി 07 എന്നീ മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പി.എൻ.എക്സ്.1332/2021
തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 0471-2320332.
പി.എൻ.എക്സ്.1333/2021
കെ.ജി.റ്റി.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2019 ഡിസംബർ കെ.ജി.റ്റി.ഇ (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavban.in ൽ ലഭിക്കും.
പി.എൻ.എക്സ്.1334/2021
കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുവാദം. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ സംഘാടകർ ചടങ്ങിൽ പാസ് സംവിധാനം ഏർപ്പെടുത്തണം. 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ/ സലൈവ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവർക്കും ആദ്യ ഘട്ട വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുമുള്ളവർക്കും മാത്രമെ പ്രവേശനം അനുവദിക്കൂ. വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. പരിപാടികൾ രണ്ടു മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണം. പരിപാടികളി…

