അസമിൽ ബി.ജെ.പി എം.എൽ.എയുടെ കാറിൽ വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇ.സിയുടെ കാർ മോശം, ബി.ജെ.പിയുടെ ഉദ്ദേശ്യം മോശം, ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം!’ അദ്ദേഹം ട്വീറ്റ് ചെയ്തു.
രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാർകണ്ടി എം.എൽ.എ കൃഷ്ണേന്ദു പാലിന്‍റെ വാഹനത്തിൽനിന്ന് വോട്ടിങ് മെഷീൻ കണ്ടെടുത്തത്. ജനങ്ങൾ വാഹനം തടയുകയും ഇ.വി.എം കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചു. തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
കൃഷ്ണേന്ദു പാലിന്‍റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണ് വാഹനം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കൃഷ്ണേന്ദു പാൽ ഇത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ അസം മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

