യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ച് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെയാണ് ഈ നിലപാട് പറഞ്ഞ് രമേശ് ചെന്നിത്തലയും രംഗത്തെത്തുന്നത്.
ആവശ്യമായ അനുമതിയില്ലാതെയും നടപടികള്‍ പൂര്‍ത്തിയാക്കാതെയും രൂപീകരിച്ചതാണ് കേരളാ ബാങ്കെന്നും സഹകരണ പ്രസ്ഥാനത്തെ കുഴിച്ച് മൂടാനുള്ള നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.ഭരണഘടനാ തത്വങ്ങള്‍ക്കെതിരെയും അനധികൃതമായും പിണറായി വിജയന് സര്‍ക്കാര്‍ രൂപീകരിച്ച കേരള ബാങ്ക് യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ പിരിച്ചുവിടുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞത്.
സഹകരണ ബാങ്കും കൊമേഴ്ഷ്യല്‍ ബാങ്കും തമ്മില്‍ അജഗജാന്തരമുണ്ടെന്നും കേരള ബാങ്ക് രൂപീകരിച്ചത് തന്നെ സഹകരണ ബാങ്കുകളിലെ കോടികളുടെ നിക്ഷേപം വകമാറ്റാനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമാന നിലപാട് പറഞ്ഞ് ചെന്നിത്തലയും രംഗത്തെത്തുന്നത്.

