സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന വീടുകള്‍ക്കുള്ള അധിക ധനസഹായം പ്രഖ്യാപിച്ചു
റീഹാറ്റ് നിലമ്പൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 13 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചു. പോത്ത് കല്ല് ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹു. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം നിര്‍വ്വഹിചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു. സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന 25 വീടുകള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന അധിക ധനസഹായ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ പി മുജീബ് റഹ്‌മാന്‍ നിര്‍വ്വഹിച്ചു. പ്രളയകാലത്ത് കേരള സമൂഹം കാണിച്ച പരസ്പര സഹവര്‍ത്തിത്വവും, സാഹോദര്യവും എല്ലാ കാലത്തും കത്ത് സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റീഹാറ്റ് പദ്ധതിക്ക് മുന്നോട്ട് വന്ന ഇംപെക്‌സ് ഗ്രൂപ്പിനെയും സുമനസ്സുകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രതിജ്ഞാബാധമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംപെക്‌സ് ഡയറക്ടര്‍ & ജനറല്‍ മാനേജര്‍ പി.ഉമ്മര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
നിലമ്പൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ 2019 ലെ കാലവര്‍ഷക്കെടുതിയിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടും സ്ഥലവും ഉള്‍പ്പടെയുള്ള മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയാണ് റീഹാറ്റ് നിലമ്പൂര്‍ (Rehabilitation and Habitat Arrangement Task).
പ്രമുഖ ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഇംപെക്സിന്റെ പങ്കാളിത്തത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ വെല്‍ഫയര്‍ ട്രസ്റ്റ് സഹ പങ്കാളികളാണ്. ഉദ്ഘാടന ചടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, വാര്‍ഡ് മെമ്പര്‍മാരായ ദിലീപ് ഭൂദാനം, സലൂബ് ജലീല്‍, റുബീന, അബ്ദുല്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച് സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ അബൂബക്കര്‍ കരുളായി സ്വാഗതവും, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് സമാപനവും നിര്‍വ്വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ വി.സി ഇബ്രാഹിം നന്ദി പറഞ്ഞു.

