കോഴിക്കോടിന് പിന്നാലെ എറണാകുളത്തും സ്ഥിരീകരിച്ച് ഷിഗെല്ല രോഗം. ചോറ്റാനിക്കര സ്വദേശിനിയായ 56കാരിക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
നിലവില്‍ രണ്ടുപേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളതെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം തുടരുകയാണെന്നും പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലും പരിശോധന തുടരുകയാണ്.
കോഴിക്കോട് ചെയ്തതുപോലെ പ്രദേശത്തുള്ളവര്‍ക്കെല്ലാം ബാക്ടീരയിയെ പ്രതിരോധിക്കുന്ന ഗുളികകള്‍ വിതരണം ചെയ്യും. കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പതിനൊന്നു വയസ്സുകാരന് മരണപ്പെടുകയും ചെയ്തിരുന്നു.

