കർഷക പ്രക്ഷോഭത്തിൽ അണിചേരാൻ രണ്ടായിരം സ്ത്രീകൾ ഡൽഹിയിലേക്ക്. കർഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയൻ അന്നാ ഹസാരെ വ്യക്തമാക്കി. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലെ കർഷകർ മാത്രമാണ് നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളതെന്ന് കേന്ദ്രമന്ത്രി തവർ ചന്ദ് ഗെഹ്ലോട്ട് ആരോപിച്ചു. സമരത്തിനെത്തിയ കർഷകരുടെ ട്രാക്ടറുകൾ യു.പി പൊലീസ് പിടിച്ചെടുത്തുവെന്ന് ഭാരത് കിസാൻ യൂണിയൻ(ഭാനു) നേതാക്കൾ അറിയിച്ചു.
ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്ന് ഇരുപതാം ദിവസത്തിലേക്ക് കടന്നു. സിംഗു അതിർത്തിയിലേക്ക് പ്രക്ഷോഭം നടത്തുന്നവരുടെ കുടുംബങ്ങളും നീങ്ങിത്തുടങ്ങി. രണ്ടായിരം സ്ത്രീകൾ അടുത്ത ദിവസങ്ങളിൽ സിംഗുവിലെത്തും. ഇതോടെ പ്രക്ഷോഭത്തിന്റെ ശക്തി വീണ്ടും വർധിക്കുമെന്നാണ് കർഷക സംഘടനളുടെ വിലയിരുത്തൽ. കർഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയൻ അന്നാ ഹസാരെ പറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസും രാജസ്ഥാൻ- ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിൽ കർഷകർ റോഡ് ഉപരോധം തുടരുകയാണ്. ഡൽഹി-ജയ്പൂർ ദേശീയപാത വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെ ചില്ലയിൽ ഭാരത് കിസാൻ യൂണിയൻ (ഭാനു ) നേതാവ് യോഗേഷ് പ്രതാപ് സിംഗ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.