ആവേശത്തുടക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം. അഞ്ച് ജില്ലകളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 9.49 ശതമാനമാണ് പോളിംഗ് നിരക്ക്. 9.83 ശതമാനവുമായി കോട്ടയമാണ് മുന്നില്‍. 9.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പാലക്കാടാണ് താരതമ്യ കണക്കില്‍ പിന്നിലുള്ളത്. വയനാട് 9.81 ശതമാനം, തൃശൂര്‍ 9.37 ശതമാനം, എറണാകുളം 9.35 ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
രാവിലെ ഏഴിനുതന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ് നടക്കുന്നത്. വൈകിട്ട് ആറുവരെയാണ് പോളിംഗ് സമയം. 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്‍ഡേഴ്സും 265 പ്രവാസികളും ഉള്‍പ്പെടെ 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

