
ഒമ്പത് മാസത്തോളമായി യെമനില്‍ ഹൂതി വിമതരുടെ പിടിയിലായിരുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാരെ വിട്ടയച്ചു. സനയിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശ കാര്യ മന്ത്രാലയത്തിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്്.
വടകര കുരിയാടി ദേവപത്മത്തില്‍ ടി.കെ പ്രവീണ്‍ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫ (43) എന്നിവരാണ് മോചിതരായ മലയാളികള്‍. ഏഴ് മഹാരാഷ്ട്ര സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും യു.പി, ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരുമാണ് സംഘത്തിലുള്ളത്. ഇന്ത്യക്കാര്‍ക്ക് പുറമേ, അഞ്ച് ബംഗ്ലാദേശികളും ഒരു ഈജിപ്തുകാരനും സംഘത്തിലുണ്ടായിരുന്നു.

ശനിയാഴ്ച ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കൈമാറിയ 14 പേരെയും യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏദന്‍ വിമാനത്താവളം വഴിയായിരിക്കും നാട്ടിലേക്കുള്ള മടക്കം. ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍നിന്ന് 14 മണിക്കൂര്‍ ദൂരമുണ്ട് വിമാനത്താവളത്തിലേക്ക്. നടപടികള്‍ പൂര്‍ത്തീകരിച്ച് രണ്ട് ദിവസത്തിനകം നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

