
സെക്ഷന്‍ 118 എ ഉള്‍പ്പെടുത്തിയുള്ള വിവാദ കേരള പൊലീസ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം. സുപ്രീം കോടതി റദ്ദാക്കിയ, ഐടി നിയമത്തിലെ വിവാദ വകുപ്പായിരുന്ന 66എയ്ക്ക് സമാനമാണിതെന്ന് പ്രശാന്ത് ഭൂഷണ് ട്വീറ്റില്‍ പറയുന്നു. ഈ നിയമഭേദഗതി ക്രൂരതയാണെന്നും ഇത് എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ദുരുപയോഗം ചെയ്യപ്പെടുമെന്നും അഭിപ്രായപ്പെട്ട പ്രശാന്ത് ഭൂഷണ് സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും ഓര്‍മ്മിപ്പിച്ചു.
വിവാദ കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവച്ചിട്ടുണ്ട്. രൂക്ഷവിമര്‍ശനങ്ങളും പ്രതിഷേധവുമാണ് നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സോഷ്യല്‍മീഡിയ ആക്രമണങ്ങളെ തടയാന്‍ എന്ന പേരിലാണ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും നിയമ മന്ത്രി എ കെ ബാലനും പൊലീസ് നിയമഭേദഗതിയെ നേരത്തെ ശക്തമായി ന്യായീകരിച്ചിരുന്നു.

