Kerala News

കോട്ടയത്ത് സിപിഐയുടെ വാശിക്ക് വഴങ്ങി സിപിഎം; ജില്ലാ പഞ്ചായത്തിലേക്ക് വിട്ടുകൊടുത്തത് നാലുസീറ്റ്

സിപിഐയുടെ വാശിക്ക് വഴങ്ങി സിപിഎം; കോട്ടയത്ത് രണ്ടാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുത്തില്ല; ജോസ് പക്ഷത്തിന് ഒമ്പതു സീറ്റു മാത്രം

ഒടുവില്‍ കേരളാ കോണ്‍ഗ്രസ് തട്ടകത്തില്‍ സിപിഐയ്ക്ക് വഴങ്ങി സിപിഎം. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റു വിഭജനമാണ് കൂടുതല്‍ നഷ്ടം സഹിച്ച് സിപിഎം പൂര്‍ത്തിയാക്കിയത്. നിലവില്‍ സിപിഎം- 9, കേരള കോണ്‍ഗ്രസ് ജോസ് പക്ഷം- 9, സിപിഐ-4 എന്നിങ്ങനെയാണ് ഇടതുമുന്നണിയിലെ സീറ്റ്.

സീറ്റുകള്‍ സിപിഎം, ജോസ് പക്ഷം, സിപിഐ എന്നീ പാര്‍ട്ടികള്‍ വീതിച്ചെടുത്തതോടെ ജനതാദള്‍, എന്‍സിപി തുടങ്ങിയ ഘടക കക്ഷികള്‍ക്ക് സീറ്റ് ഇല്ലാതായി.

2015ല്‍ സിപിഎം 13 സീറ്റിലും സിപിഐ അഞ്ചു സീറ്റിലുമാണ് മത്സരിച്ചത്. അന്ന് രണ്ടു സീറ്റില്‍ ജനപക്ഷവും ജനതാദള്‍, എന്‍സിപി എന്നിവര്‍ ഓരോ സീറ്റിലും മത്സരിച്ചിരുന്നു.

ഇതില്‍ ജില്ലയില്‍ എംഎല്‍എ ഉള്ള പാര്‍ട്ടിയാണ് എന്‍സിപി. ഒരു സീറ്റ് വേണമെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റ് സാജു ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ മറ്റു ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാമെന്ന വാഗ്ദാനമാണ് സിപിഎം നല്‍കിയിരിക്കുന്നത്.

2015ല്‍ യുഡിഎഫില്‍ 11 സീറ്റില്‍ മത്സരിച്ച ജോസ് പക്ഷത്തിന് എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ രണ്ടു സീറ്റ് കുറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചയുടെ തുടക്കം മുതല്‍ 12 സീറ്റ് എന്ന ആവശ്യവുമായി ഉറച്ചുനില്‍ക്കുകയായിരുന്നു ജോസ് പക്ഷം. കഴിഞ്ഞ തവണ മത്സരിച്ച നാലു സീറ്റുകളാണ് സിപിഎം ജോസ് പക്ഷത്തിന് വിട്ടുനല്‍കിയത്. കഴിഞ്ഞ തവണ അഞ്ചു സീറ്റില്‍ മത്സരിച്ച സിപിഐയോട് രണ്ടു സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഒരു സീറ്റ് മാത്രമാണ് സിപിഐ വിട്ടുനല്‍കിയത്. ഇതോടെ 11 സീറ്റില്‍ മത്സരിക്കാന്‍ ആദ്യം തീരുമാനിച്ച സിപിഎം കൂടുതല്‍ സീറ്റുകള്‍ ജോസ് പക്ഷത്തിന് വിട്ടുനല്‍കി സ്വയം ത്യാഗം സഹിച്ചു. എന്നാല്‍ മുന്നണിയിലെ മേല്‍ക്കൈ നഷ്ടപ്പെടുത്താന്‍ സിപിഎം തയ്യാറായതുമില്ല. സിപിഐയുടെ ഒരു സീറ്റ് കൂടി എടുക്കാന്‍ ശ്രമിച്ചു എങ്കിലും അവര്‍ വിട്ടുവീഴ്ച ചെയ്തില്ല.

സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവനാണ് കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ സീറ്റു ധാരണ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

സീറ്റു വിഭജനത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം മാറിയെങ്കിലും വിട്ടുനല്‍കുന്ന സീറ്റുകള്‍ സംബന്ധിച്ച് പുതിയ തര്‍ക്കം ഉടലെടുക്കുമോയെന്നതാണ് അടുത്ത പ്രശ്‌നം. ആദ്യം വാകത്താനം ഡിവിഷന്‍ വിട്ടുനല്‍കാനാണ് സിപിഐ തീരുമാനിച്ചത്. എന്നാല്‍ സിപിഐ മത്സരിക്കുന്ന കിടങ്ങൂരോ കങ്ങഴയോ വേണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. 2015-ല്‍ രണ്ടിടത്തും ജയിച്ചത് ജോസ് പക്ഷമായിരുന്നു. മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ ജന്മസ്ഥലമാണ് കിടങ്ങൂര്‍. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജന്മനാടുള്‍പ്പെടുന്നതാണ് കങ്ങഴ. ഇവിടെ കഴിഞ്ഞ തവണ ജയിച്ച അജിത് മുതിരമല ജോസഫ് വിഭാഗത്തിലാണ്. അജിത്തിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അതില്‍ ചില നേതാക്കളുടെ അസഹിഷ്ണതയുമാണ് കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിനുള്ള ഒരു പ്രധാന കാരണം.

ഏതായാലും വരും ദിവസങ്ങളില്‍ ജോസ് പക്ഷവും സിപിഐയും നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളിലായിരിക്കും ഏത് സീറ്റു വിട്ടുനല്‍കണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.

ജോസ് പക്ഷം ഇടതുമുന്നണിയിലേക്കു വന്നതോടെയാണ് കോട്ടയത്ത് തര്‍ക്കം ഉടലെടുത്തത്. പ്രധാനമായും ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ എന്നിവിടങ്ങളിലെ സീറ്റുവിഭജനമാണ് കീറാമുട്ടിയായത്. ജില്ലാ പഞ്ചായത്തില്‍ 12 സീറ്റ് ആവശ്യപ്പെട്ട ജോസ് പക്ഷം പാലാ നഗരസഭയില്‍ 17 സീറ്റു ആവശ്യപ്പെട്ടു. ഇതോടെ സിപിഐ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കണമെന്ന ആവശ്യം സിപിഎം മുന്നോട്ടുവെച്ചു. എന്നാല്‍ സിപിഎം ഫോര്‍മുല അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. പാലായിലെ 10 സീറ്റ് മല്‍സരിച്ച് സിപിഐ കരുത്തു തെളിയിക്കുമെന്നും സൂചനയുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!