മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന് ഇന്ന് 97 -ാം പിറന്നാള്‍. കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് പിറന്നാളാഘോഷം.സമകാലിക രാഷട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്. ക്രൌഡ് പുള്ളര്‍ എന്ന വാചകം ഏറ്റവും യോജിച്ച രാഷ്ട്രീയനേതാവ്.
1923 ഒക്ടോബര്‍ 20 നാണ് വി.എസ് ജനിക്കുന്നത്. 1940 ല്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പിന്നീട് 1958 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയില്‍ അംഗമായ വി.എസ് കേന്ദ്ര നേതൃത്വത്തില്‍ 62 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവെന്ന ഖ്യാതിയും നേടി.
2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. നിലവില്‍ മലമ്പുഴയില്‍ നിന്നുള്ള എം.എല്‍.എ യും കൂടിയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് കുറച്ചുനാള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടിവന്നിരുന്നു. ചികിത്സയ്ക്ക് ശേഷം പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് കുടുംബാംഗങ്ങള്‍ അതിഥികളെ ഒഴിവാക്കുന്നത്.
2000 ല്‍ പ്രതിപക്ഷ നേതാവായത് മുതലാണ് വി.എസിന്റെ പിറന്നാളും കാര്യമായി ആഘോഷിക്കാന്‍ തുടങ്ങുന്നത്. കഴിഞ്ഞ 19 വര്‍ഷമായി പതിവുകള്‍ തെറ്റിക്കാതെ ആഘോഷിക്കുന്നുണ്ടെങ്കിലും ഇത്തവണ കേക്ക് മുറിക്കലില്‍ ചുരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.